തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹരജി തള്ളണമെന്ന് അതിജീവിത
ദിലീപിന്‍റെ ഹരജിയെ എതിര്‍ത്ത് കേസില്‍ കക്ഷി ചേരാന്‍ നടി അപേക്ഷ നല്‍കി.
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹരജി തള്ളണമെന്ന് അതിജീവിത. ഹരജിയെ എതിര്‍ത്ത് കേസില്‍ കക്ഷി ചേരാന്‍ നടി അപേക്ഷ നല്‍കി. തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹരജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. കേസില്‍ കക്ഷി ചേരാനുള്ള നടിയുടെ അപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കേസിന്‍റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം ആരംഭിച്ചതെന്നാണ് ദിലീപിന്റെ വാദം. ദിലീപിന്‍റെ ഹരജിയെ എതിർത്തുകൊണ്ടാണ് അതിജീവിത കേസിൽ കക്ഷി ചേരാൻ ഇന്ന് അപേക്ഷ സമർപ്പിച്ചത്. പരാതിക്കാരിയായ തന്‍റെ ഭാഗം കേൾക്കാതെ ഹരജിയിൽ തീരുമാനമെടുക്കരുതെന്ന് നടി ഹൈക്കോടതിയിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം വധ ഗൂഢാലോചനക്കേസില്‍ ദിലീപിന്‍റെ സഹോദരീ ഭര്‍ത്താവിനെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ദിലീപിന്‍റെ സഹോദരൻ അനൂപിനെയും സഹോദരീ ഭർത്താവ് സുരാജിനെയുമാണ് ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യംചെയ്യുന്നത്. പ്രതികളുടെ മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചതിനെത്തുടർന്നാണ് ചോദ്യംചെയ്യൽ. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.കോടതി അനുമതിയോടെ നടന്ന മൂന്നു ദിവസത്തെ ചോദ്യംചെയ്യലിനു ശേഷമുള്ള രണ്ടാംഘട്ട ചോദ്യംചെയ്യലാണ് ഇന്ന് നടക്കുന്നത്.
ദിലീപിന്റെയും അനൂപിന്റെയും സുരാജിന്റെയും മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യംചെയ്യൽ. അനൂപിനോട് കഴിഞ്ഞ ആഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അനൂപ് ഹാജരായിരുന്നില്ല. ഇതേ തുടർന്ന് രണ്ടാമതും അന്വേഷണ സംഘം നോട്ടീസ് നൽകുകയായിരുന്നു. അനൂപിന്‍റെയും സുരാജിന്‍റെയും ചോദ്യംചെയ്യൽ പൂർത്തിയായ ശേഷമേ ദിലീപിനെ ചോദ്യംചെയ്യേണ്ടത് എപ്പോൾ എന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ.