'ഐഎസ്ആർഒ ചാരക്കേസില്‍ അമേരിക്കൻ ബന്ധം സംശയിക്കുന്നു'; ആരോപണവുമായി നമ്പി നാരായണൻ

അമേരിക്കയുമായുള്ള ബന്ധം തകരരുതെന്ന് അന്നത്തെ പ്രധാനമന്ത്രി നിര്‍ദേശിച്ചെന്ന് നമ്പി നാരായണൻ കോടതിയിൽ വെളിപ്പെടുത്തി

Update: 2021-07-14 16:38 GMT
Editor : Shaheer | By : Web Desk
Advertising

ഐഎസ്ആർഒ ചാരക്കേസിൽ അമേരിക്കൻ ബന്ധം സംശയിക്കുന്നതായി നമ്പി നാരായണൻ. അമേരിക്കയുമായുള്ള ബന്ധം തകരരുതെന്ന് അന്നത്തെ പ്രധാനമന്ത്രി പറഞ്ഞെന്നും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി. കേസ് ഡയറി ഹാജരാക്കാൻ സിബിഐയോട് കോടതി നിർദേശിച്ചിട്ടുണ്ട്.

കേസിൽ നാലാം പ്രതിയായ കേരള മുൻ ഡിജിപി സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തുള്ള വാദത്തിനിടെയായിരുന്നു നമ്പി നാരായണൻ ഇക്കാര്യം വെളിപ്പെടുത്തിയത്. 1996ൽ യുഎസുമായുള്ള ബന്ധം തകർക്കരരുതെന്ന് അന്നത്തെ പ്രധാനമന്ത്രി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയെ കണ്ടപ്പോഴാണ് ഇക്കാര്യം നിർദേശിച്ചത്. അതുകൊണ്ടാണ് ചാരക്കേസിൽ ഗൂഢാലോചനയുണ്ടെന്ന് അന്ന് പരാതിപ്പെടാതിരുന്നതെന്നും തിരുവനന്തപുരം ജില്ലാ കോടതിയിൽ നമ്പി നാരായണൻ പറഞ്ഞു.

നമ്പി നാരായണനെതിരെ കേസിലെ ഒന്നാംപ്രതി എസ് വിജയനും കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. പണവും ഭൂമിയും നൽകി നമ്പി നാരായണൻ സിബിഐ, ഐബി ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്ന് ഹരജിയിൽ കുറ്റപ്പെടുത്തി. ഈ സ്വാധീനത്തിന്റെ ഫലമാണ് ചാരക്കേസ് ഗൂഢാലോചനയെന്നും ഹരജിയിൽ പറയുന്നു. നമ്പി നാരായണൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നും കൈമാറ്റം നടത്തിയെന്നും ഹരജിയിൽ ആരോപണമുണ്ട്. കേസ് ഡയറി ഹാജരാക്കാൻ സിബിഐയോട് നിർദേശിച്ച കോടതി ജയിൻ കമ്മറ്റി റിപ്പോർട്ടും സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ തുടർവാദം വെള്ളിയാഴ്ച നടക്കും.

ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണനെ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ടാണെന്ന് സിബി മാത്യൂസ് നേരത്തെ കോടതിയിൽ ആവർത്തിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിലെ വാദത്തിലാണ് അദ്ദേഹം നിലപാട് ആവർത്തിച്ചത്. അതേസമയം, ജെയിൻ കമ്മിറ്റി റിപ്പോർട്ട് സീൽ ചെയ്ത കവറിൽ ജില്ലാ കോടതിക്കു നൽകാമെന്ന് സിബിഐ അറിയിച്ചിട്ടുണ്ട്.

1996ൽ സിബിഐ നൽകിയ അന്തിമ റിപ്പോർട്ട് ചവറ്റുകുട്ടയിൽ കളയണം. സിബിഐയുടെ പുതിയ അന്വേഷണം അനുഗ്രഹമായി. ചാരക്കേസ് ശരിയായി അന്വേഷിച്ചാൽ സത്യം പുറത്തുവരും-മുൻ കേരള ഡിജിപി കൂടിയായ സിബി മാത്യൂസ് വ്യക്തമാക്കി. ചാരക്കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തത് ഐബി ഉദ്യോഗസ്ഥനായ ആർബി ശ്രീകുമാറിന്റെ നിർദേശപ്രകാരമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തലവനായിരുന്ന സിബി മാത്യൂസ് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്. വിദേശവനിതകളും നമ്പി നാരായണനും ചേർന്ന് ചാരവൃത്തി നടത്തിയെന്നും തിരുവനന്തപുരം ജില്ലാ കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ വാദിക്കുന്നു.

ചാരക്കേസിൽ നമ്പി നാരായണനെ കുടുക്കാൻ പൊലീസും ഐബി ഉദ്യോഗസ്ഥരും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന സിബിഐ കേസിൽ നാലാം പ്രതിയാണ് സിബി മാത്യൂസ്. ഗൂഢാലോചനാകേസിലെ രണ്ടും പതിനൊന്നും പ്രതികളായ എസ് വിജയൻ, തമ്പി എസ്. ദുർഗ്ഗാ ദത്ത്, ജയപ്രകാശ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകളും കോടതിയുടെ പരിഗണനയിലുണ്ട്. മുൻകൂർ ജാമ്യഹരജി നിലനിൽക്കില്ലെന്നും പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും സിബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രതികളുടെ ജാമ്യഹരജികളിൽ കക്ഷി ചേരാനായി നമ്പി നാരായണൻ, മറിയം റഷീദ, ഫൗസിയ ഹസൻ എന്നിവരും അപേക്ഷ നൽകിയിരുന്നു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News