ആറ്റിങ്ങലില്‍ മത്സ്യം വലിച്ചെറിഞ്ഞ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍
കാരണം കാണിക്കല്‍ നോട്ടീസിന് നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരെ പുറത്താക്കിയത്
ആറ്റിങ്ങലില്‍ മത്സ്യക്കൊട്ട വലിച്ചെറിഞ്ഞ നഗരസഭാ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുബാറക് ഇസ്മാഈല്‍, ശുചീകരണ തൊഴിലാളി ഷിബു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ഈ മാസം പത്തിനാണ് അവനവന്‍ഞ്ചേരിയിലെ മത്സ്യവില്‍പ്പനക്കാരിയുടെ മീന്‍കൊട്ട നഗരസഭ ജീവനക്കാര്‍ വലിച്ചെറിഞ്ഞത്. അനധികൃത മീന്‍വില്‍പ്പനയാണെന്ന് ആരോപിച്ചായിരുന്നു ജീവനക്കാരുടെ നടപടി. എന്നാല്‍ സംഭവത്തെ ആറ്റിങ്ങല്‍ നഗരസഭ ന്യായീകരിക്കുകയാണ് ഉണ്ടായത്. എന്നാല്‍ വിവാദമായതോടെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. മത്സ്യം നശിപ്പിച്ച നടപടിയെ തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പടെ നഗരസഭയെ വിമര്‍ശിച്ചിരുന്നു.
തുടര്‍ന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും, ശുചീകരണ തൊഴിലാളിക്കുമെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സംഭവം സംയമനപരമായി കൈകാര്യം ചെയ്യുന്നതില്‍ ജീവനക്കാര്‍ പരാജയപ്പെട്ടുവെന്നാണ് നഗരസഭ കണ്ടെത്തിയത്.
കാരണം കാണിക്കല്‍ നോട്ടീസിന് നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും പുറത്താക്കിയത്. സംഭവം ജനവികാരം നഗരസഭക്ക് എതിരാക്കി മാറ്റിയെന്നും നഗരസഭ സെക്രട്ടറി കണ്ടെത്തി. മത്സ്യത്തൊഴിലാളിക്കെതിരായ ക്രൂരതയില്‍ പ്രതിഷേധിച്ച് അഞ്ചുതെങ്ങില്‍ മത്സ്യത്തൊഴിലാളികള്‍ തുറ ഉപരോധിക്കുകയും പണിമുടക്കുകയും ചെയ്തിരുന്നു.