ഫണ്ട് സമാഹരണത്തിൽ വീഴ്ച; എം.എസ്.എഫ് സംസ്ഥാന നേതാക്കൾക്ക് സസ്പെൻഷൻ
എം.എസ്.എഫ് ഭാരവാഹി യോഗത്തിലാണ് സസ്പെൻഷൻ തീരുമാനം.
മലപ്പുറം: എം.എസ്.എഫ് സംസ്ഥാന നേതാക്കൾക്കെതിരെ നടപടി. ഫണ്ട് സമാഹരണത്തിൽ വീഴ്ച വരുത്തിയതിന് രണ്ട് നേതാക്കളെ സസ്പെൻഡ് ചെയ്തത്. സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീർ ഇഖ്ബാൽ, സെക്രട്ടറി ഫിറോസ് പള്ളത്ത് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
കൂടാതെ, തങ്ങളുടെ ശാഖയിൽ നിന്ന് ഫണ്ട് സമാഹരണം ആരംഭിക്കുക പോലും ചെയ്യാതിരിക്കുകയും ചുമതലപ്പെടുത്തിയ ജില്ലയിലെ നിരീക്ഷണ ചുമത നിർവഹിക്കുന്നതിൽ കൃത്യവിലോപം കാണിക്കുകയും ചെയ്‌തെന്നും സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
നടപടിക്ക് വിധേയരായ ഭാരവാഹികൾ ജനുവരി 10നകം ക്വാട്ട പൂർത്തീകരിക്കുകയും നീരീക്ഷണ ചുമതലയുള്ള ജില്ലയുടെ ക്യാമ്പയിൻ വർക്കുകൾ യഥാക്രമം നിർവഹിക്കുകയും ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇന്നലെ ചേർന്ന എംഎസ്.എഫ് ഭാരവാഹി യോഗത്തിലാണ് സസ്പെൻഷൻ തീരുമാനം.
കഴിഞ്ഞവർഷം ജനുവരിയിൽ മൂന്ന് നേതാക്കളെ സസ്പെൻഡ് ചെയ്തിരുന്നു. സംസ്ഥാന ജോയിന്‍റ് സെക്രട്ടറി കെ.എം ഫവാസ്, മുൻ ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, പ്രവർത്തക സമിതി അംഗം കെ.വി ഹുദൈഫ് എന്നിവർക്കെതിരെയായിരുന്നു നടപടി.
മുസ്‍ലിം ലീഗിന്‍റെയും പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്. നേതൃത്വത്തിനെതിരായ വിമർശനങ്ങളുടെ പേരിലായിരുന്നു സസ്പെൻഷൻ.