'പൊലീസിന്‍റെയും സർക്കാരിന്‍റെയും സൽപ്പേരിന് കളങ്കം'; ഗുണ്ടാത്തലവന്റെ വിരുന്നിൽ പങ്കെടുത്ത ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ

എം.ജി സാബുവിന്റേത് ഗുരുതര അച്ചടക്കലംഘനമെന്നും സസ്പെൻഷൻ ഉത്തരവിൽ

Update: 2024-05-28 03:06 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: ഗുണ്ടാനേതാവിന്റെ വിരുന്നിൽ പങ്കെടുത്ത ഡിവൈ.എസ്.പി എം.ജി സാബുവിനെ സസ്പെൻഡ് ചെയ്ത് ഉത്തരവ് ഇറങ്ങി. ആലുവ ഡിവൈ.എസ്.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സാബുവിന്റേത് ഗുരുതര അച്ചടക്ക ലംഘനമാണെന്നും പൊലീസിന്റെയും സർക്കാരിന്റെയും സൽപ്പേരിന് കളങ്കം വരുത്തിയെന്നും സസ്പെന്‍ഷന്‍ ഉത്തരവിലുണ്ട്. വിരുന്നിൽ പങ്കെടുത്ത ഡിവൈ.എസ്.പിയെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിർദേശം നല്‍കിയിരുന്നു.

ഗുണ്ടാ തലവൻ തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിൽ നടന്ന വിരുന്നിൽ ഡിവൈഎസ്.പിയ്ക്കൊപ്പം പ​ങ്കെടുത്ത രണ്ട് പൊലീസുകാരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം ജി സാബുവുള്‍പ്പെടെ നാല് പൊലീസുകാരാണ് കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസലിന്റെ വീട്ടില്‍ വിരുന്നിനെത്തിയത്. ഓപറേഷന്‍ ആഗിന്റെ ഭാഗമായി അങ്കമാലി പൊലീസ് നടത്തിയ പരിശോധനക്കിടെയാണ് പുളിയനത്തെ ഫൈസലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. അന്വേഷണ സംഘത്തെ കണ്ടയുടന്‍ ശുചിമുറിയിലൊളിച്ചയാളെ ചോദ്യം ചെയ്തപ്പോഴാണ് ഡിവൈഎസ്പിയാണെന്ന കാര്യം പുറത്തായത്. ഇതോടെ വിവരം റൂറല്‍ എസ്പിക്ക് കൈമാറി. പൊലീസ് സേനക്ക് നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ വകുപ്പുതല നടപടിക്ക് ശിപാര്‍ശ ചെയ്ത പ്രാഥമിക റിപ്പോര്‍ട്ട് റൂറല്‍ എസ് പി മേലുദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു.

ഡിവൈഎസ്പിക്കൊപ്പം വിരുന്നിന് പങ്കെടുത്ത സിപിഒ, ഡ്രൈവര്‍ എന്നിവരെയാണ് ആലുപ്പുഴ ജില്ലാ പൊലീസ് മേധാവി സസ്പെന്‌ഷന്‍റ് ചെയ്തത്. ഡിവൈഎസ്പിക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഉടന്‍ നടപടി കൈക്കൊളളുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മുന്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി കൂടിയായ എം ജി സാബു അടുത്ത മാസം വിരമിക്കാനിരിക്കെയാണ് വിവാദത്തിലകപ്പെട്ടിരിക്കുന്നത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News