സബ്‌സിഡി സാധനങ്ങളില്ലെന്ന് ബോർഡിൽ എഴുതിവെച്ചു; സപ്ലൈകോ ഔട്ട്‌ലെറ്റ് മാനേജർക്ക് സസ്‌പെൻഷൻ
പാളയം സപ്ലൈകോ ഔട്ട്‌ലെറ്റ് മാനേജറെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്
കോഴിക്കോട്: സബ്‌സിഡി സാധനങ്ങൾ ഒന്നും ഇല്ലെന്ന് ബോർഡിൽ എഴുതിവെച്ച സപ്ലൈകോ ഔട്ട്‌ലെറ്റ് മാനേജർക്ക് സസ്‌പെൻഷൻ. കോഴിക്കോട് പാളയം സപ്ലൈകോ ഔട്ട്‌ലെറ്റ് മാനേജറെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. സബ്‌സിഡി സാധനങ്ങളില്ലെന്ന് എഴുതിയ ബോർഡിന്റെ ചിത്രങ്ങൾ കഴിഞ്ഞിദിവസങ്ങളിൽ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽനാല് സാധനങ്ങൾ മാത്രമാണ് ഔട്ട്‌ലെറ്റിൽ ഇല്ലാതിരുന്നതെന്ന് കണ്ടെത്തുകയായിരുന്നു.സബ്‌സിഡിയുള്ള ഒമ്പത് സാധനങ്ങൾ ഔട്ട്‌ലറ്റിലുണ്ടായിരുന്നെന്നും കണ്ടെത്തിയിരുന്നു. തുടർന്നാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്.
സപ്ലെക്കോയിൽ സാധനങ്ങളില്ലെന്ന വിഷയം കഴിഞ്ഞ ദിവസം നിയമസഭയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് തെറ്റായ വിവരങ്ങളടങ്ങിയ ബോർഡ് തൂക്കിയ സപ്ലൈക്കോ ഔട്ട്‌ലറ്റ് മാനേജരെ സസ്‌പെൻഡ് ചെയ്തത്.