'വീട്ടിൽ നിന്ന് ഇറങ്ങിപ്പോ' എന്നു പറഞ്ഞ് അച്ഛമ്മ അമ്മയോടു വഴക്കുണ്ടാക്കുമായിരുന്നുവെന്ന് സുവ്യയുടെ മകന്‍
സുവ്യയുടെ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസെടുക്കുന്ന കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിയമോപദേശം തേടി
കൊല്ലം: അച്ഛമ്മ നിരന്തരം അമ്മയെ വഴക്ക് പറഞ്ഞിരുന്നു എന്ന് കൊല്ലം കിഴക്കേ കല്ലടയില്‍ ആത്മഹത്യ ചെയ്ത സുവ്യയുടെ മകൻ. സംഭവത്തില്‍ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സുവ്യയുടെ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസെടുക്കുന്ന കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിയമോപദേശം തേടി.
വീട്ടിൽ നിന്ന് ഇറങ്ങിപ്പോ എന്ന് പറഞ്ഞ് അച്ഛമ്മ നിരന്തരം അമ്മയുമായി വഴക്കുണ്ടാക്കുമായിരുന്നു എന്ന് സുവ്യയുടെ ആറുവയസുകാരന്‍ മകൻ വെളിപ്പെടുത്തി. ഭര്‍തൃമാതാവില്‍ നിന്നുളള മാനസിക പീഡനത്തിന്‍റെ തെളിവായി ശബ്ദസന്ദേശം ബന്ധുക്കള്‍ക്ക് അയച്ച ശേഷമാണ് സുവ്യയുടെ ആത്മഹത്യ.
എന്നാല്‍ ശബ്ദ സന്ദേശത്തിന്‍റെ മാത്രം അടിസ്ഥാനത്തില്‍ ഭര്‍ത്താവ് അജയകുമാറിനും അമ്മ വിജയമ്മയ്ക്കുമെതിരെ ഗാര്‍ഹിക പീഡന നിയമം ചുമത്താനാകുമോ എന്ന കാര്യത്തില്‍ പൊലീസിന് ആശയക്കുഴപ്പം ഉണ്ട് . ഈ സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്. നിയമോപദേശം ലഭിച്ചാൽ ഉടന്‍ തുടര്‍നടപടിയുണ്ടാകുമെന്ന് കിഴക്കേ കല്ലട പൊലീസ് അറിയിച്ചു. സുവ്യയുടെ സഹോദരൻ ഉള്‍പ്പെടെ പതിമൂന്ന് ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. എഴുകോണ്‍ സ്വദേശിനി സുവ്യ ഞായറാഴ്ച രാവിലെയാണ് കിഴക്കേ കല്ലടയിലെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചത്. സംഭവത്തിൽ കൊല്ലം റൂറല്‍ എസ്.പിയ്ക്കും കുടുംബം പരാതി നല്‍കി.