ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സ്വപ്ന സുരേഷ് കോടതിയെ സമീപിച്ചു

നവംബർ ആറിനാണ് സ്വപ്ന സുരേഷ് ജയിൽ മോചിതയായത്

Update: 2021-11-20 07:51 GMT
Editor : ijas
Advertising

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി കോടതിയെ സമീപിച്ചു. ഇ.ഡി കേസില്‍ ജാമ്യം നല്‍കിയപ്പോള്‍ കോടതിയുടെ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടുപോകരുതെന്ന് വ്യവസ്ഥയുണ്ടായിരുന്നു. വീട് തിരുവന്തപുരത്തായതിനാല്‍ ഇതില്‍ ഇളവനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സ്വപ്ന ഹരജി നല്‍കിയത്. എറണാകുളം ജില്ല വിട്ടുപോകുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ കോടതിയുടെ അനുമതിയില്ലാതെ കേരളം വിടരുതെന്നും ഇ.ഡി കോടതിയെ അറിയിച്ചു. തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹരജി വിധി പറയാനായി 22 ലേക്ക് മാറ്റി

നവംബർ ആറിനാണ് സ്വപ്ന സുരേഷ് ജയിൽ മോചിതയായത്. ഒരു വർഷവും മൂന്നു മാസവും ജയിലിൽ കഴിഞ്ഞ ശേഷമാണ് കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ കേസിൽ ഇവർ പുറത്തിറങ്ങുന്നത്. ജാമ്യത്തിന് 25 ലക്ഷം രൂപയുടെ ബോണ്ടും രണ്ടാൾ ജാമ്യവുമാണ് ഉപാധികൾ. പാസ്‌പോർട്ട് കോടതിയിൽ ഏൽപിക്കണം, കേരളം വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം, അന്വേഷണ ഉദ്യോഗസ്ഥന്‍റെ അനുമതിയില്ലാതെ താമസം മാറരുത് എന്നിവയാണ് മറ്റു വ്യവസ്ഥകൾ.

2020 ജൂലൈ 11നാണ് കേസിൽ ബെംഗളൂരുവിൽ വച്ച് സ്വപ്ന അറസ്റ്റിലായത്. 2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ച് യു.എ.ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്രബാഗിൽ നിന്ന് 14.82 കോടി രൂപ വില വരുന്ന 30.422 കിലോ സ്വർണം കസ്റ്റംസ് പിടികൂടിയത്. കോൺസുലേറ്റിലെ മുൻ പി.ആർ.ഒ ആയിരുന്ന സരിത്തിനെയാണ് കേസിൽ ആദ്യം അറസ്റ്റു ചെയ്യുന്നത്. തുടർന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഉൾപ്പടെ 50ൽ എറെ പേർ അറസ്റ്റിലായി.

അമ്മ പ്രഭാ സുരേഷിന്റെയും അമ്മാവന്റെയും ആൾജാമ്യത്തിലാണ് സ്വപ്ന ജയിൽ മോചിതയായത്. ജാമ്യക്കാരുടെ ഭൂമിയുടെ കരമടച്ച രസീതാണ് കോടതിയിൽ ഹാജരാക്കിയത്. സ്വർണക്കടത്ത്, ഡോളർകടത്ത്, വ്യാജ രേഖ ചമയ്ക്കൽ തുടങ്ങി ആറു കേസുകളിലാണ് സ്വപ്നയെ റിമാൻഡ് ചെയ്തിരുന്നത്. ഇതിൽ എല്ലാ കേസുകളിലും ജാമ്യമായി. സ്വർണക്കടത്തിൽ കസ്റ്റംസ്, എൻ.ഐ.എ. ഇ.ഡി. തുടങ്ങിയ കേന്ദ്ര ഏജൻസികളാണ് സ്വപ്നയെ പ്രതിചേർത്ത് കേസെടുത്തിരുന്നത്. എൻ.ഐ.എ. യു.എ.പി.എ കുറ്റവും ചുമത്തി. തീവ്രവാദ പ്രവർത്തനങ്ങൾക്കായി സ്വർണക്കടത്ത് നടത്തിയെന്നായിരുന്നു സ്വപ്ന അടക്കമുള്ള പ്രതികൾക്കെതിരെയുള്ള എൻ.ഐ.എയുടെ ആരോപണം. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുന്ന സ്വർണക്കടത്ത് തീവ്രവാദ പ്രവർത്തനമായി കണക്കാക്കാമെന്നും എൻ.ഐ.എ. വാദിച്ചിരുന്നു.

2020 ജൂലായ് അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി നടത്തിയ സ്വർണക്കടത്ത് കസ്റ്റംസ് പിടികൂടിയത്. യു.എ.ഇ. കോൺസുലേറ്റിന്റെ വിലാസത്തിലെത്തിയ ബാഗേജിൽ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ ഇത് വിശദമായി പരിശോധിക്കുകയായിരുന്നു. പ്രത്യേക അനുമതി വാങ്ങി നടത്തിയ പരിശോധനയിലാണ് ബാഗേജിനുള്ളിൽ സ്വർണം കണ്ടെത്തിയത്. ദിവസങ്ങൾക്കുള്ളിൽ ഈ വിവരം പുറത്തറിയുകയും ചെയ്തു. 4.82 കോടി രൂപ വില വരുന്ന സ്വർണമാണ് കടത്തിയത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News