മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണ് സ്വപ്‌ന
കേസുമായി ബന്ധപ്പെട്ട സത്യങ്ങൾ മുഴുവൻ പുറത്ത് വരുന്നതിന് വേണ്ടിയാണ് രഹസ്യമൊഴി നൽകിയതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു
തിരുവനന്തപുരം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണ് സ്വപ്‌ന സുരേഷ്. പാലക്കാട് എച്ച്.ആർ.ഡി.എസ് ഓഫിസിൽ വൈകീട്ട് 6.40 ഓടെയാണ് സംഭവം. തന്നെ എന്തിനാണ് ആക്രമിക്കുന്നത്. ഒപ്പമുള്ളവരെ വേദനിപ്പിക്കരുത്. ഒരു വിലപേശൽ നടന്നുവെന്ന് കാണിക്കാനാണ് താൻ ഓഡിയോ പുറത്തുവിട്ടതെന്ന് സ്വപ്‌ന പറഞ്ഞു.
ഷാജ് കിരണുമായി തനിക്ക് സൗഹൃദമുണ്ടായിരുന്നു. കേസിൽ മാപ്പുസാക്ഷിയാകാൻ ശ്രമിച്ചിട്ടില്ലെന്നും സ്വപ്‌ന വ്യക്തമാക്കി. ഓഫീസിൽ വന്ന് ഷാജ് കിരൺ അന്ന് പറഞ്ഞ ഭീഷണി മുഴുവൻ സത്യമായെന്ന് പറഞ്ഞ സ്വപ്ന സുരേഷ്, തന്നെ ഇനിയും ഉപദ്രവിക്കരുതെന്നും വെറുതെ വിടണമെന്നും പറഞ്ഞു. തുടർന്ന് വിതുമ്പിക്കരഞ്ഞ സ്വപ്ന സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട സത്യങ്ങൾ മുഴുവൻ പുറത്ത് വരുന്നതിന് വേണ്ടിയാണ് രഹസ്യമൊഴി നൽകിയതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.അന്വേഷണ ഏജൻസികൾക്ക് ബാക്കി കാര്യം ചെയ്യാം.
ഓഡിയോ ക്ലിപ്പ് പ്രകാരം സരിത്തിനെ അറസ്റ്റ് ചെയ്തു. അതേ ഓഡിയോയിൽ പറഞ്ഞത് പോലെ അഭിഭാഷകൻ കൃഷ്ണരാജിനെതിരേയും കേസെടുത്തു. കേസെടുക്കും എന്ന് പറഞ്ഞിരുന്നുവെന്നും അത് സംഭവിച്ചുവെന്നും അവർ പറഞ്ഞു. എനിക്ക് അഭിഭാഷകന്റെ സഹായം പോലും കിട്ടാത്ത സ്ഥിതിയുണ്ട്. ഇപ്പോൾ മനസ്സിലാക്കാൻ കഴിയില്ലേ എന്ത് തരം ആക്രമണമാണ് താൻ നേരിടുന്നതെന്നും സ്വപ്ന ചോദിച്ചു.