കുർബാന തർക്കത്തിനിടെ സിറോ മലബാർ സഭയുടെ സിനഡിന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും

ആദ്യ മൂന്ന് ദിവസങ്ങളിൽ ധ്യാനവും പ്രാർഥനകളും മാത്രമാണ് നടക്കുക

Update: 2023-01-06 01:14 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: കുർബാന തർക്കത്തിനിടെ സിറോ മലബാർ സഭയുടെ സ്ഥിരം സിനഡിന് ഇന്ന് കൊച്ചിയിൽ തുടക്കമാകും. ആദ്യ മൂന്ന് ദിവസങ്ങളിൽ ധ്യാനവും പ്രാർഥനകളും മാത്രമാണ് നടക്കുക. തിങ്കളാഴ്ച മുതലുളള യോഗത്തിൽ കുർബാന തർക്കം ,എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിലെ സംഘർഷം എന്നിവ ചർച്ചയാകും.

എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം മുന്‍പെങ്ങും ഇല്ലാത്ത വിധത്തില്‍ രൂക്ഷമായിരിക്കുന്ന സമയത്താണ് സിറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡ് ചേരുന്നത്. മുപ്പത്തിയൊന്നാമത് സിനഡിന്‍റെ ഒന്നാം സമ്മേളനം ഇന്ന് വൈകിട്ട് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ആരംഭിക്കും. കോഴിക്കോട് രൂപതാധ്യക്ഷന്‍ വര്‍ഗീസ് ചക്കാലക്കല്‍ പ്രാര്‍ഥനകള്‍ക്ക് തുടക്കമിടും. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പ്രാര്‍ഥനകള്‍ക്ക് ശേഷം തിങ്കളാഴ്ച സഭാ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിനഡ് സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആരംഭിക്കുന്ന യോഗത്തില്‍ കുര്‍ബാന തര്‍ക്കം, എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിലെ സംഘര്‍ഷം അടക്കം ചര്‍ച്ചയാകും.

പളളിയിലെ സംഘര്‍ഷത്തില്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് നിയമിച്ച കമ്മീഷന്‍റെ അന്വേഷണ പുരോഗതിയും വിലയിരുത്തും. പളളിയിലെ സംഘര്‍ഷത്തിനിടെ കുര്‍ബാനയെ സമര മാര്‍ഗമായി ഉപയോഗിച്ചത് ശരിയായില്ലെന്നും വിമത വിഭാഗത്തിനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവും സഭയ്ക്കുളളില്‍ ശക്തമാണ്. അതിനാല്‍ അച്ചടക്ക നടപടിയുടെ കാര്യത്തിലും ചര്‍ച്ചകള്‍ നടക്കും. ഈ മാസം 14നാണ് സിനഡ് സമാപിക്കുക. അതിനിടെ ആന്‍ഡ്രൂസ് താഴത്ത് നിയമിച്ച അന്വേഷണ കമ്മീഷനോട് സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച വിമത വിഭാഗം സിനഡ് ചേരുന്ന സഭാ ആസ്ഥാനത്തേക്ക് ഞായറാഴ്ച അതിരൂപത സംരക്ഷണ റാലി നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News