'ജനപ്രതിനിധികൾ ശിവതാണ്ഡവം കളിക്കാൻ വേണ്ടിയല്ല പാർലമെൻ്റിലേക്ക് പോകേണ്ടത്'; ടി. പത്മനാഭൻ
125 എഴുത്തുകാരാണ് 'സർഗസംഗമം' എന്ന് പേരിട്ട പരിപാടിയിൽ പങ്കെടുത്തത്
തിരുവനന്തപുരം: ജനപ്രതിനിധികൾ ശിവതാണ്ഡവം കളിക്കാൻ വേണ്ടിയല്ല പാർലമെൻ്റിലേക്ക് പോകേണ്ടതെന്ന് പ്രശസ്ത സാഹിത്യകാരൻ ടി. പത്മനാഭൻ. തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ച് സാഹിത്യകാരന്മാർ നടത്തിയ സംഗമത്തിലായിരുന്നു പ്രതികരണം. 125 എഴുത്തുകാരാണ് 'സർഗസംഗമം' എന്ന് പേരിട്ട പരിപാടിയിൽ പങ്കെടുത്തത്. ജനപ്രതിനിധി എന്നതിലുപരി എഴുത്തുകാരൻ എന്ന നിലയിൽ കൂടി പ്രശസ്തി നേടിയ വ്യക്തി എന്ന നിലക്കാണ് ശശി തരൂരിന് വേണ്ടി സാഹിത്യകാരന്മാർ ഒത്തുകൂടിയത്.
മുതിർന്ന സാഹിത്യകാരന്മാർ മുതൽ കോളേജ് വിദ്യാർഥികളായ എഴുത്തുകാർ വരെ പരിപാടിയിൽ പങ്കെടുക്കാൻ എത്തി. പാർലമെൻറിലെ വിഷയങ്ങളിലും ജനങ്ങളുടെ പ്രശ്നങ്ങളിലും ഒരുപോലെ കിട്ടും പെടാൻ കഴിയുന്ന ആളാകണം ജനപ്രതിനിധിയെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ടി. പത്മനാഭൻ പറഞ്ഞു. അവശതകൾ ഉണ്ടെങ്കിലും പെരുമ്പടവം ശ്രീധരനും വേദിയിൽ എത്തി. ഇത്ര വലിയ എഴുത്തുകാരുടെ പിന്തുണ ലഭിച്ചത് വലിയ ഭാഗ്യമാണെന്ന് ശശി തരൂർ പ്രതികരിച്ചു. തിരുവനന്തപുരം നെഹ്റു സെൻറർ ആഭിമുഖ്യത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.