'പുഴ മലിനീകരണം' ഗുരുതര പ്രശ്നം, മാലിന്യങ്ങള്‍ പുറന്തള്ളണമെന്നും ടി സിദ്ധീഖ്
മാലിന്യം ഏറ്റെടുക്കാന്‍ ആരെങ്കിലും മുന്നോട്ടു വന്നാല്‍ അത് നല്ല കാര്യമാണെന്നും ടി സിദ്ധീഖ്.
അസാധാരണ സാഹചര്യത്തില്‍ 'പുഴ മലിനീകരണ'ത്തെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിട്ട് ടി സിദ്ധീഖ് എം.എല്‍.എ. പുഴ മലിനീകരണം ഏറ്റവും വലിയ വെല്ലുവിളിയാണെന്നും, മാലിന്യം ഏറ്റെടുക്കാന്‍ ആരെങ്കിലും തയ്യാറാവുന്നുണ്ടെങ്കില്‍ അത് നല്ല കാര്യമാണെന്നുമാണ് ടി സിദ്ധീഖിന്റെ പോസ്റ്റ്. കോണ്‍ഗ്രസില്‍ നിന്നും പുറത്തു പോയ കെ.പി അനില്‍ കുമാര്‍ ഇടതുപക്ഷത്തേക്ക് ചേക്കേറിയതുമായാണ് പലരും പോസ്റ്റിനേ താരതമ്യപ്പെടുത്തുന്നത്.
പുഴകള്‍ നേരിടുന്ന വലിയ വെല്ലുവിളി മലിനീകരണ പ്രശ്‌നമാണ്. കീടനാശിനി പ്രയോഗങ്ങള്‍, രാസവസ്തുക്കളുടെ പ്രയോഗം എന്നിവ മലിനീകരണത്തിന് കാരണമാകുന്നു. പ്രകൃതിയുടെ മരണം സംസ്‌കാരത്തിന്റെ തന്നെ മരണമാണ്. എന്നാല്‍, ചില നിര്‍ബന്ധിത സാഹചര്യത്തില്‍ ശുദ്ധീകരണത്തിന്റെ ഭാഗമായി മാലിന്യങ്ങള്‍ പുറന്തള്ളുന്നത് ആവശ്യമാണ്.
മാലിന്യം ഏറ്റെടുക്കാന്‍ ആരെങ്കിലും മുന്നോട്ടു വന്നാല്‍ അത് നല്ല കാര്യമാണ്. അവരെ അഭിനന്ദിക്കുകയും അത്തരക്കാരുടെ നല്ല മനസ് കാണാതെ പോകരുതെന്നും ടി സിദ്ധീഖ് എഫ്.ബിയില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
ഇപ്പോൾ പുഴകൾ നേരിടുന്ന ഏററവും വലിയ പ്രശ്നം മലിനീകരണമാണ്. പലതരം മലിനീകരണങ്ങൾ... പെരിയാറിന്റെയും ചാലിയാറിന്റേതുമൊക്കെ നമുക്കറിയാം. കീടനാശിനി പ്രയോഗങ്ങൾ, രാസവസ്തുക്കൾ ഒഴുക്കിവിടൽ, പ്ലാസ്റ്റിക്കും സർവമാലിന്യങ്ങളും ഒഴുക്കിവിടുന്നു. എങ്ങോട്ടാണ് നമ്മൾ...? പ്രകൃതിയുടെ മരണം സംസ്കാരത്തിന്റെ മരണമാണ്. നമ്മുടെതന്നെ മരണമാണ്. ജലമില്ലാഞ്ഞാൽ എന്തു സംസ്കാരവും എന്തു ജീവിതവും എന്തു ജീവനും?
"എന്നാൽ, ചില നിർബന്ധിത സാഹചര്യങ്ങളിൽ ശുദ്ധീകരണത്തിനായി മാലിന്യങ്ങൾ പുറം തള്ളേണ്ടി വരിക സ്വാഭാവികമാണു. മുന്നോട്ടുള്ള പോക്കിനു അങ്ങനെ ചെയ്യാൻ നിർബന്ധിതമാകും. എന്നാൽ ആ മാലിന്യം ഏറ്റെടുക്കാൻ ആരെങ്കിലും തയ്യാറാവുന്നുവെങ്കിൽ അത് നല്ല കാര്യമായി കരുതണം... അവരെ നമ്മൾ അഭിനന്ദിക്കേണ്ടിയിരിക്കുന്നു, ആ നല്ല മനസ്സ് ആരും കാണാതെ പോകരുത്..!!