സിദ്ദിഖ് കാപ്പനെ ജയിലിലേക്ക് മാറ്റിയ നടപടി; യു.പി സർക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടീസ്

എയിംസിൽ കൊവിഡ് ചികിത്സ തുടരുന്നതിനിടെ രഹസ്യമായാണ് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്. ഭാര്യയെയോ അഭിഭാഷകനെയോ അറിയിക്കാതെയായിരുന്നു യുപി പൊലീസിൻ്റെ നീക്കം

Update: 2021-05-09 08:46 GMT
Editor : ubaid | Byline : Web Desk
Advertising

മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ വീണ്ടും മഥുര ജയിലിലേക്ക് മാറ്റിയ നടപടിയിൽ ഉത്തര്‍ പ്രദേശ് സർക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടീസ്. സിദ്ദിഖ് കാപ്പൻ്റെ അഭിഭാഷകനാണ് നോട്ടീസ് അയച്ചത്. ചികിത്സ പൂര്‍ത്തിയാക്കാതെയാണ് കാപ്പനെ ജയിലിലേക്ക് മാറ്റിയതെന്നാണ് ആരോപണം. കാപ്പനെ തിരികെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നാണ് ആവശ്യം. യു.പി സർക്കാർ കോടതി ഉത്തരവ് ലംഘിച്ചെന്ന് നോട്ടീസിൽ പറയുന്നു.

ചികിത്സ പൂർത്തിയാക്കാതെയാണ് കാപ്പനെ ജയിലിലേക്ക് മാറ്റിയതെന്നാണ് ആരോപണം. എയിംസിൽ കൊവിഡ് ചികിത്സ തുടരുന്നതിനിടെ രഹസ്യമായാണ് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്. ഭാര്യയെയോ അഭിഭാഷകനെയോ അറിയിക്കാതെയായിരുന്നു യുപി പൊലീസിൻ്റെ നീക്കം. കൊവിഡ് നെഗറ്റീവായോ എന്ന് അവർ ഉറപ്പുവരുത്തിയില്ലെന്നും നിർബന്ധപൂർവം ഡിസ്ചാർജ് ചെയ്യിക്കുകയായിരുന്നു എന്നും കാപ്പൻ്റെ കുടുംബം ആരോപിച്ചു.

കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് സിദ്ദിഖ് കാപ്പനെ കോടതി ഉത്തരവ് പ്രകാരം വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റിയത്. ചികിത്സ കഴിഞ്ഞാൽ ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. മഥുര ജയിലിൽ വച്ച് കൊവിഡ് പോസിറ്റീവായിരുന്നെങ്കിലും രോഗമുക്തനായെന്ന റിപ്പോർട്ടാണ് യുപി സർക്കാർ സുപ്രീംകോടതിയിൽ നൽകിയത്. എന്നാൽ, എയിംസിൽ നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് കൊവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം സിദ്ദിഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് ആശുപത്രിയിൽ എത്തിയിരുന്നെങ്കിലും കാണാൻ അനുവദിക്കാതെ അധികൃതർ മടക്കി അയക്കുകയായിരുന്നു. 

Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News