വീട്ടിൽ വെച്ചും പീഡനം; എൽദോസിന്റെ പെരുമ്പാവൂരിലെ വീട്ടിൽ പരാതിക്കാരിയുമായി തെളിവെടുപ്പ്
കഴിഞ്ഞ ഓണക്കാലത്ത് നിർബന്ധിച്ച് ഇവിടേക്ക് കൂട്ടിക്കൊണ്ട് വന്ന് തന്നെ പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്‌തുവെന്ന് പരാതിക്കാരി അന്വേഷണ സംഘത്തിന് മൊഴി നൽകി.
കൊച്ചി: എൽദോസ് കുന്നപ്പിള്ളിയുടെ പെരുമ്പാവൂരിലെ പുല്ലുവഴിയിലെ വീട്ടിൽ പരാതിക്കാരിയുമായി എത്തി ക്രൈം ബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി. ആഗസ്ത് മാസം വീട്ടിൽ വെച്ച് എംഎൽഎ പീഡിപ്പിച്ചുവെന്ന് യുവതി ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. രാവിലെ പതിനൊന്ന് മണിക്കാണ് പരാതിക്കാരിയുമായി ക്രൈം ബ്രാഞ്ച് സംഘം പെരുമ്പാവൂരിൽ എത്തിയത്. നാലര മണിക്കൂറോളം തെളിവെടുപ്പ് നടന്നു.
കഴിഞ്ഞ ഓണക്കാലത്ത് നിർബന്ധിച്ച് ഇവിടേക്ക് കൂട്ടിക്കൊണ്ട് വന്ന് തന്നെ പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്‌തുവെന്ന് പരാതിക്കാരി അന്വേഷണ സംഘത്തിന് മൊഴി നൽകി. വീട്ടിൽ സിസിടിവി ഉണ്ടായിരുന്നുവെന്ന എംഎൽഎയുടെ വാദം യുവതി പൂർണമായും തള്ളി. താൻ വീട്ടിൽ എത്തിയപ്പോൾ ഇവിടെ സിസിടിവി ഉണ്ടായിരുന്നില്ലെന്ന് യുവതി വ്യക്തമാക്കി. താൻ പരാതി നൽകിയതിന് ശേഷമാണ് വീടിനുള്ളിൽ എംഎൽഎ സിസിടിവി ക്യാമറ വെച്ചതെന്നും യുവതി മൊഴി നൽകി.
എൽദോസിന് ജാമ്യം കിട്ടിയ സാഹചര്യത്തിൽ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും യുവതി പറഞ്ഞു. താൻ ക്രിമിനലാണെന്ന് വരുത്തിത്തീർക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നും യുവതി ആരോപിച്ചു. പാരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്നും നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും യുവതി ആവർത്തിച്ചു.
പെരുമ്പാവൂരിലെ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം അന്വേഷണ സംഘം കളമശ്ശേരിയിലേക്കാണ് പുറപ്പെട്ടിരിക്കുന്നത്. കളമശേരി എച്ച്.എം.ജി ജങ്ഷന് അടുത്തുള്ള ഫ്ലാറ്റിൽ വെച്ചും സമാനമായ രീതിയിൽ പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിനാലാണ് കളമശേരിയിലെ പരിശോധനയെന്ന് അന്വേഷണസംഘം അറിയിച്ചു.
അതേസമയം, കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സംസ്ഥാനം വിട്ട് പോകാൻ പാടില്ല, ഫോണും പാസ്‌പോർട്ടും ഹാജരാക്കണം, സമൂഹ മാധ്യമങ്ങളിൽ പ്രകോപനപരമായ സന്ദേശങ്ങൾ ഇടരുത് തുടങ്ങി കർശന ഉപാധികളോടെയാണ് എൽദോസിന് ജാമ്യം അനുവദിച്ചത്.