മഴയും നീരൊഴുക്കും കുറഞ്ഞു; മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം കൊണ്ടുപോകുന്നത് തമിഴ്‌നാട് നിർത്തി
141.65 അടിയാണ് നിലവിലെ ജലനിരപ്പ്. റൂൾ കർവ് അനുസരിച്ച് മുപ്പതാം തീയതി വരെ 142 അടിവെള്ളം അണക്കെട്ടിൽ സംഭരിക്കാം.
മുല്ലപ്പെരിയാറിൽ നിന്ന് ടണൽ വഴി വെള്ളം കൊണ്ടുപോകുന്നത് തമിഴ്‌നാട് നിർത്തി. മഴയും നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തിലാണ് തമിഴ്‌നാട് നീക്കം. 141.65 അടിയാണ് നിലവിലെ ജലനിരപ്പ്. റൂൾ കർവ് അനുസരിച്ച് 30-ാം തീയതി വരെ 142 അടിവെള്ളം അണക്കെട്ടിൽ സംഭരിക്കാം. ഇത് മുന്നിൽ കണ്ട് കൂടിയാണ് തമിഴ്‌നാടിന്റെ നീക്കം
അതിനിടെ, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. 2400.76 അടിയായാണ് കുറഞ്ഞത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലൊന്നും നിലവിൽ മഴയില്ല. ഡാമിലേക്കുള്ള നീരൊഴുക്കും കാര്യമായി കുറഞ്ഞിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം നാളെ രൂപപ്പെട്ടേക്കും. ന്യൂനമർദം 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ച് ഇന്ത്യൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നുണ്ട്.