താമിർ ജിഫ്രി കസ്റ്റഡി കൊലപാതകം: കേസ് സി.ബി.ഐക്ക് കൈമാറുന്നത് വൈകുന്നു; സമനാതകളില്ലാത്ത അട്ടിമറിയെന്ന് ആരോപണം
അന്വേഷണ സംഘം തന്നെ ഫോറൻസിക് സർജന് എതിരെ റിപ്പോർട്ട് തയ്യാറാക്കിയത് ദുരൂഹമാണ്
മലപ്പുറം: സമനാതകളില്ലാത്ത അട്ടിമറിയാണ് താനൂര്‍ താമിർ ജിഫ്രി കസ്റ്റഡി കൊലപാതക കേസിൽ നടക്കുന്നത്. അന്വേഷണ സംഘം തന്നെ ഫോറൻസിക് സർജന് എതിരെ റിപ്പോർട്ട് തയ്യാറാക്കിയത് ദുരൂഹമാണ്. കേസ് സി.ബി.ഐക്ക് കൈമാറി വിജ്ഞാപനം ഇറക്കുന്നതും വൈകുകയാണ്. താമിർ ജിഫ്രിയെയും സംഘത്തെയും അറസ്റ്റ് ചെയ്തതു മുതൽ തുടങ്ങിയതാണ് പൊലീസിന്റെ ഒളിച്ചുകളി.
വ്യാജ എഫ്.ഐ.ആര്‍ ഉണ്ടാക്കിയത് മുതൽ കുറ്റകരായ ഉദ്യോഗസ്ഥർക്ക് ഒളിവിൽ കഴിയുന്നതിന് വരെ ഉന്നത ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ട്. ഇതിനകം തെളിവുകൾ നശിപ്പിക്കപ്പെട്ടതായി കുടുംബം ആരോപിച്ചിരുന്നു. ഇതിനിടെയാണ്പോസ്റ്റ്‍മോർട്ടം നടത്തിയ ഫോറൻസിക് സർജന് എതിരെ പൊലീസ് റിപ്പോർട്ട് തയ്യറാക്കിയിരിക്കുന്നത്. പൊലീസ് മർദനത്തിന്റെ പ്രധാന തെളിവായ പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിന്റെ വിശ്വാസത തകർത്ത് കേസ് അട്ടിമറിക്കനാണ് പൊലീസ് ശ്രമം.
മർദനത്തിൽ താമിർ ജിഫ്രിയുടെ ശരീരത്തിൽ 19 മുറിവുകളാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റത് ഉൾപ്പെടെയുള്ള കാര്യങ്ങൾ മരണത്തിന് കാരണമായെന്ന് പോസ്റ്റ്‍മോർട്ടത്തിൽ കണ്ടെത്തിയതും തങ്ങൾക്ക് എതിരാകുമെന്ന ചിന്തയാണ് പുതിയ നീക്കങ്ങൾക്ക് പിന്നിൽ.എസ്.പി തന്നെ വന്ന് കണ്ടിരുന്നതായി പോസ്റ്റ്‍മോർട്ടം നടത്തിയ ഡോക്ടർ തന്നെ സ്ഥിരീകരിക്കുന്നു. പൊലീസ് അട്ടിമറി തുടരുകയും ക്രൈം ബ്രാഞ്ച് അന്വേഷണം വഴി മുട്ടിനിൽക്കുകയും ചെയ്യുമ്പോഴും സി.ബി.ഐ അന്വേഷണത്തിന് വിജ്ഞാപനമിറക്കാൻ സർക്കാർ തയ്യാറാകുന്നില്ല.