17 മണിക്കൂറിലേറെ നീണ്ട ദൗത്യം; തണ്ണീർക്കൊമ്പനെ ലോറിയിൽ കയറ്റി, ബന്ദിപ്പൂരിലേക്ക് കൊണ്ടുപോയി

റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് മാനന്തവാടിയിൽ പരിഭ്രാന്തി സൃഷ്ടിച്ച തണ്ണീർക്കൊമ്പൻ

Update: 2024-02-02 17:15 GMT
17 മണിക്കൂറിലേറെ നീണ്ട ദൗത്യം; തണ്ണീർക്കൊമ്പനെ ലോറിയിൽ കയറ്റി, ബന്ദിപ്പൂരിലേക്ക് കൊണ്ടുപോയി
AddThis Website Tools
Advertising

മാനന്തവാടി: ജനവാസമേഖലയിൽ ഇറങ്ങിയ 'തണ്ണീർക്കൊമ്പനെ' മയക്കുവെടിവെച്ച് ലോറിയിൽ കയറ്റി. ഇന്നലെ രാത്രി 11.30 മുതൽ മാനന്താവാടിയിൽ ഭീകാരനന്തരീക്ഷം സൃഷ്ടിച്ച കൊമ്പനെ 17 മണിക്കൂറിലേറെ നീണ്ട ദൗത്യത്തിലൂടെയാണ് കീഴടക്കിയത്. മുത്തങ്ങ ആനപ്പന്തിയിൽ നിന്നെത്തിച്ച സൂര്യ, വിക്രം, കോന്നി സുരേന്ദ്രൻ എന്നീ കുംകിയാനകളുടെ സഹായത്തോടെയാണ് ലോറിയിൽ കയറ്റിയത്. ആനയുടെ ആരോഗ്യപരിശോധന നടത്തുകയും ആവശ്യമെങ്കിൽ ആൻറി ഡോസും നൽകുകയും ചെയ്ത ശേഷം ബന്ദിപ്പൂർ വനത്തിൽ തുറന്നുവിടും. ഇപ്പോൾ ആനയുടെ ദേഹത്തുള്ള മുറിവുകളിൽ ഡോക്ടർമാർ മരുന്ന് പുരട്ടി.

റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് ജനവാസ മേഖലയിൽ പരിഭ്രാന്തി സൃഷ്ടിച്ച തണ്ണീർക്കൊമ്പൻ. കർണാടകയിലെ ഹാസനിൽനിന്ന് പിടികൂടി മൂലഹൊള്ളയിൽ തുറന്നുവിട്ട ആനയാണിത്.

ജനവാസമേഖലയിൽ ഇറങ്ങിയ 'തണ്ണീർക്കൊമ്പനെ' ഇന്ന് വൈകീട്ടാണ് ആർആർടി സംഘം മയക്കുവെടിവെച്ചത്. ആനയുടെ പിറകിലാണ് മയക്കുവെടി കൊണ്ടത്. താഴെയങ്ങാടിയിലെ വാഴത്തോട്ടത്തിൽ വെച്ചാണ് ആനയെ മയക്കുവെടിവെച്ചത്. വെടിയേറ്റ ആന പരിഭ്രാന്തി സൃഷ്ടിച്ച് ഓടിയേക്കുമെന്ന് ഭയന്നിരുന്നു. എന്നാൽ നേരത്തെ നിന്നപോലെ തന്നെ ആന നിന്നു. തുടർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കുംകിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റുകയായിരുന്നു.

ആനയെ മയക്കുവെടിവെയ്ക്കാൻ വനം വകുപ്പ് നേരത്തെ ഉത്തരവിട്ടിരുന്നു. കുങ്കിയാനകളെ ഉപയോഗിച്ച് ആനയെ കാട്ടിലേക്കു തുരത്താൻ ശ്രമിക്കണമെന്നും ഇതു വിജയിച്ചില്ലെങ്കിൽ മയക്കുവെടിവച്ചു പിടികൂടി ബന്ദിപൂർ വനത്തിൽ തുറന്നുവിടാനുമാണ് ഉത്തരവ്. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി. ജയപ്രസാദാണ് ഉത്തരവിറക്കിയത്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ രണ്ട് 1 എ പ്രകാരമാണ് ഉത്തരവിറക്കിയത്.

മാനന്തവാടിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടിയ ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ വനം വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ അഭിനന്ദിച്ചു. കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിൽ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ ഭരണകൂടത്തെയും ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ എല്ലാവിധ പിന്തുണയും നൽകിയ ജനപ്രതിനിധികൾ, നാട്ടുകാർ, മാധ്യമ പ്രവർത്തകർ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി മന്ത്രി അറിയിച്ചു.

Full View

Tanneerkomban Elephant will be shifted to Bandipur

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News