താനൂർ കസ്റ്റഡി കൊലപാതകം: സി.ബി.ഐ സംഘം വീണ്ടും മലപ്പുറത്ത്

കേസിൽ കാലതാമസം ഉണ്ടാകുന്നതിലെ അതൃപ്തി കുടുംബം അന്വേഷണസംഘത്തെ അറിയിച്ചു

Update: 2024-02-15 01:32 GMT
Advertising

മലപ്പുറം: താനൂർ കസ്റ്റഡി കൊലപാതക കേസിൽ അന്വേഷണ സംഘം വീണ്ടും മലപ്പുറത്തെത്തി. തെളിവ് ശേഖരണത്തിന്റെ ഭാഗമായി താമിർ ജിഫ്രിയുടെ വീട്ടിൽ എത്തിയ സി.ബി.ഐ സംഘം മാതാവിന്റെ മൊഴിയെടുത്തു.

കേസിൽ കാലതാമസം ഉണ്ടാകുന്നതിലെ അതൃപ്തി കുടുംബം അന്വേഷണസംഘത്തെ അറിയിച്ചു. എന്നാൽ, രാസ പരിശോധന ഫലങ്ങൾ ഉൾപ്പെടെ ലഭിക്കുന്നതോടെ ഉചിതമായ തുടർനടപടി ഉണ്ടാകുമെന്ന് അന്വേഷണസംഘം കുടുംബത്തിന് ഉറപ്പുനൽകി.

പോസ്റ്റ്മോർട്ടം നടപടികൾക്ക് നേതൃത്വം നൽകിയ ഫോറൻസിക് സർജന്റെയും മൊഴിയെടുത്തു. അന്വേഷണച്ചുമതലയുള്ള ഡിവൈ.എസ്.പി കുമാർ റോണക്കിന്റെ നേതൃത്വത്തിലുള്ള സംഘം മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിയാണ് ഫോറൻസിക് സർജൻ ഡോ. ഹിതേഷ്‌ ശങ്കറിന്റെ മൊഴിയെടുത്തത്.

ഫോറൻസിക് സർജന്റെ കൂടെ ഉണ്ടായിരുന്ന മറ്റു ഡോക്ടർമാരുടെയും മൊഴികൾ സി.ബി.ഐ സംഘം രേഖപ്പെടുത്തി. പൊലീസ് മർദ്ദനം താമിർ ജിഫ്രിയുടെ മരണത്തിന് കാരണമായി എന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് കേസിൽ ഏറെ നിർണായകമായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണസംഘം ഫോറൻസിക് സർജൻ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയത്.

2023 ആ​ഗ​സ്റ്റ് ഒ​ന്നി​നാ​യി​രു​ന്നു നി​രോ​ധി​ത രാ​സ​ല​ഹ​രി​യാ​യ എം.​ഡി.​എം.​എ കൈ​വ​ശം വെ​ച്ചെ​ന്ന കേ​സി​ൽ തി​രൂ​ര​ങ്ങാ​ടി മ​മ്പു​റം സ്വ​ദേ​ശി താ​മി​ർ ജി​ഫ്രി​യെ​യും കൂ​ടെ​യു​ള്ള​വ​രെ​യും മ​ല​പ്പു​റം എ​സ്.​പി​യു​ടെ കീ​ഴി​ലു​ള്ള ല​ഹ​രി​വി​രു​ദ്ധ ക​ർ​മ​സേ​ന​യാ​യ ഡാ​ൻ​സാ​ഫ് ടീം ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ആ​ഗ​സ്റ്റ്​ ഒ​ന്നി​ന്​ പു​ല​ർ​ച്ചെ താ​മി​ർ ജി​ഫ്രി മ​രി​ച്ചു. ക്രൂ​ര​മ​ർ​ദ​ന​മേ​റ്റാ​ണ്​ മ​ര​ണ​മെ​ന്ന്​ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​യ​തോ​ടെ പൊ​ലീ​സി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു. ​

ഡാ​ൻ​സാ​ഫ്​ സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​ർ​ദ​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ് മ​ര​ണ​മെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. ക്രൈം​ബ്രാ​ഞ്ച് ന​ട​ത്തി​യ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ ഡാ​ൻ​സാ​ഫ് ടീ​മം​ഗ​ങ്ങ​ളാ​യ എ​ട്ട് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ന്റ് ചെ​യ്തി​രു​ന്നു.നാ​ല് പൊ​ലീ​സു​കാ​​ർ​ക്കെ​തി​രെ കൊ​ല​പാ​ത​ക കു​റ്റ​വും ചു​മ​ത്തി. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം സി.​ബി.​ഐ​ക്ക് കൈ​മാ​റി​യ​ത്. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News