ഡയറി എഴുതിയില്ല; തൃശൂരിൽ അഞ്ചുവയസ്സുകാരനെ ടീച്ചർ തല്ലിച്ചതച്ചെന്ന് പരാതി
പാടുകൾ കണ്ടതോടെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു
തൃശൂർ: ഡയറി എഴുതാത്തതിന് തൃശൂരിൽ UKG വിദ്യാർഥിയെ ക്ലാസ് ടീച്ചർ തല്ലിച്ചതച്ചെന്ന് പരാതി. കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്കൂളിലെ വിദ്യാർഥിയെയാണ് അധ്യാപിക സെലിൻ തല്ലിയത്. രക്ഷിതാക്കളുടെ പരാതിയിൽ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ അധ്യാപികയെ കസ്റ്റഡിയിലെുത്തിട്ടില്ല.
കുട്ടിയുടെ കാലിൽ തല്ലിയ പാടുകൾ കാണാൻ സാധിക്കുന്നുണ്ട്. ഇപ്പോഴും പാടുകൾ പൂർണമായി മാറിയിട്ടില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്. ബോർഡിലെഴുതിയ ഹോംവർക്ക് ഡയറിയിലേക്ക് പകർത്തിയെഴുതിയില്ലെന്നാരോപിച്ചാണ് ടീച്ചർ കുട്ടിയെ തല്ലിയത്. ഇതിനു പിന്നാലെ മാതാപിതാക്കൾ അധ്യാപികയുമായി ബന്ധപ്പെട്ടിരുന്നു. തല്ലിയെന്ന് അധ്യാപിക സമ്മതിക്കുകയും ചെയ്തു.
പാടുകൾ കണ്ടതോടെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. ആരോപണവിധേയായ അധ്യാപിക ഒളിവിലാണെന്നാണ് പൊലീസിൻ്റെ വാദം. കുടുംബം ബാലാവകാശ കമ്മീഷനടക്കം പരാതി നൽകിയിട്ടുണ്ട്.