പ്രസവനിർത്തൽ ശസ്ത്രക്രിയക്ക് വിധേയായ യുവതി മരിച്ച സംഭവം: വിദഗ്ധ പൊലീസ് സർജന്മാരുടെ സംഘം പോസ്റ്റ്‍മോര്‍ട്ടം നടത്തും
ആശയുടെ മരണത്തിന് കാരണം വനിതാ ശിശു ആശുപത്രിയിലെ പിഴവാണ് എന്നാണ് ബന്ധുക്കൾ തെളിവുകൾ സഹിതം ആരോപിക്കുന്നത്
ആലപ്പുഴ: ആലപ്പുഴയിൽ പ്രസവ നിർത്തൽ ശാസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ച സംഭവത്തിൽ വിദഗ്ധ പൊലീസ് സർജന്മാരുടെ സംഘം പോസ്റ്റ്‍മോര്‍ട്ടം നടത്തും.പോസ്റ്റ്‍മോര്‍ട്ടം വീഡിയോയിൽ ചിത്രീകരിക്കും. ബന്ധുക്കളുടെ ആവശ്യം പരിഗണിച്ചാണ് ആലപ്പുഴ ജില്ലാ കലക്ടർ ജോൺ വി സാമൂവൽ ഉത്തരവിട്ടത്. ആലപ്പുഴ പഴയവീട് സ്വദേശി 31 കാരിയായ ആശ ശരത്ത് ഇന്നലെ വൈകിട്ടാണ് മരിച്ചത്.
വനിതാ-ശിശു ആശുപത്രിയിലലെ ശസ്ത്രക്രിയക്കിടെയുണ്ടായ പിഴവാണ് മരണത്തിനു കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. പ്രസവം നിർത്താനുള്ള ലാപ്രോസ്‌കോപിക് ശസ്ത്രക്രിയയ്ക്കിടെ ശാരീരിക അസ്വസ്ഥത ഉണ്ടായതും പിന്നീട് ഗുരുതരാവസ്ഥയിലായ ആശ മരണപ്പെട്ടതിനും കാരണം കണ്ടെത്താൻ വിദഗ്ധരായ സർജന്മാർ പോസ്റ്റ്‍മോര്‍ട്ടം നടത്തണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.
രാവിലെ തുടങ്ങേണ്ടിയിരുന്ന പോസ്റ്റുമോർട്ടം ഇതുമൂലം വൈകി. ആലപ്പുഴ മെഡിക്കൽ കോളേജിലെ നടക്കുന്ന പോസ്റ്റ്‍മോര്‍ട്ടം നടപടിയിൽ വിദഗ്ധരെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആശയുടെ സഹോദരൻ അരുണും മറ്റു ബന്ധുക്കളും ആലപ്പുഴ ജില്ലാ കലക്ടറുടെ ഔദ്യോഗിക വസതിയിൽ എത്തി പരാതി നൽകി
കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ച് ഒരു ഫോറൻസിക് സർജൻ രണ്ട് പൊലീസ് സർജൻ അടക്കം വിദഗ്ധ സംഘത്തെ പോസ്റ്റ്‍മോര്‍ട്ടത്തിന് നിയോഗിക്കാൻ കലക്ടർ നിർദേശം നൽകി. ആശയുടെ മരണത്തിന് കാരണം വനിതാ ശിശു ആശുപത്രിയിലെ പിഴവാണ് എന്നാണ് ബന്ധുക്കൾ തെളിവുകൾ സഹിതം ആരോപിക്കുന്നത്.
സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറില്‍ ഫാര്‍മസിസ്റ്റായ ആശയെ വെള്ളിയാഴ്ച രാവിലെയാണ് ശസ്ത്രക്രിയയ്ക്കായി കടപ്പുറം വനിതാ ശിശു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ ക്കിടെ അസ്വസ്ഥത കാണിക്കുകയും അമിത രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ആശ ഗുരുതരാവസ്ഥയിൽ ആയതോടെ ഒരു മണിക്കൂറോളം കഴിഞ്ഞാണ് മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം.