'ഇടപെടലുകൾ സർവകലാശാലയെ തകർക്കുന്നു': വൈസ് ചാൻസലറുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ച് സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ്

ഗവർണറുടെ പിന്തുണയുണ്ടെന്ന ബലത്തിൽ ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് സർവകലാശാലയെ തകർക്കാനാണ് വി.സി യുടെ നീക്കം എന്ന് സിൻഡിക്കേറ്റ് ആരോപിക്കുന്നു.

Update: 2023-02-08 01:49 GMT
Editor : rishad | By : Web Desk
കെ.ടിയു വി.സി- സാങ്കേതിക സര്‍വകലാശാല
Advertising

തിരുവനന്തപുരം: വൈസ് ചാൻസലറുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ച് സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ്. വൈസ് ചാൻസലറുടെ ഇടപെടലുകൾ സർവകലാശാലയെ തകർക്കാൻ വേണ്ടിയാണെന്നാണ് ആരോപണം. നിലപാട് വ്യക്തമാക്കാൻ സിൻഡിക്കേറ്റ് അംഗങ്ങൾ ഇന്ന് അടിയന്തര വാർത്താസമ്മേളനം വിളിച്ചു.

വൈസ് ചാൻസിലറും സിൻഡിക്കേറ്റും തമ്മിലുള്ള പോര് പരസ്യമാകുമ്പോൾ അത് സർവകലാശാലയിലെ ദൈനംദിന പ്രവർത്തനങ്ങളെ പോലും ബാധിക്കുന്നു. അടുത്ത അക്കാദമിക വർഷത്തിലേക്കുള്ള സിലബസ് രൂപീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. പഴയ സിലബസിൻ്റെ കാലാവധി ജനുവരിയിൽ അവസാനിച്ചിട്ടും പുതിയത് രൂപീകരിക്കാനായി ഒരുതവണ പോലും ബോർഡ് ഓഫ് സ്റ്റഡീസ് യോഗം വിളിക്കാൻ വി.സി തയ്യാറായില്ലെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ പറയുന്നു.

ബി.ഒ.ജി യോഗം അംഗീകരിച്ച ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച ഉത്തരവ് ഇറക്കാത്തത്തിനാൽ പുതിയ ബജറ്റിനുള്ള തയ്യാറെടുപ്പുകളും അവതാളത്തിലാണ്. സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുമ്പ് ചെലവിടേണ്ട പ്ലാൻ ഫണ്ടും വി.സിയുടെ ഒപ്പ് കിട്ടാത്തതിനാൽ അനക്കാൻ കഴിയുന്നില്ല. അടുത്ത വർഷത്തിലേക്കുള്ള ബജറ്റ് കൂടിയാലോചനകൾ നടത്താൻ യോഗം വിളിക്കാത്തത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്നും സിൻഡിക്കേറ്റ് ചൂണ്ടിക്കാട്ടുന്നു. ഉത്തരവ് ഇറക്കാത്തതിനാൽ ബോർഡ് ഓഫ് ഗവർണർ യോഗം അംഗീകരിച്ച പരീക്ഷാഫലത്തിലെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാൻ കഴിയുന്നില്ല എന്ന പരാതിയും ഉണ്ട്.

ഗവർണറുടെ പിന്തുണയുണ്ടെന്ന ബലത്തിൽ ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് സർവകലാശാലയെ തകർക്കാനാണ് വി.സി യുടെ നീക്കം എന്ന് സിൻഡിക്കേറ്റ് ആരോപിക്കുന്നു. ഇല്ലാത്ത അധികാരങ്ങൾ ഉണ്ടെന്ന് സ്ഥാപിക്കാൻ വൈസ് ചാൻസിലർ ശ്രമിക്കുന്നു. നിയമവിരുദ്ധമായ തീരുമാനങ്ങൾ ഒന്നും സിൻഡിക്കേറ്റിലോ ബോർഡ് ഓഫ് ഗവർണർ യോഗത്തിലോ എടുത്തിട്ടില്ല. ഇത് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുന്നതിനും നിലപാട് വ്യക്തമാക്കുന്നതിനും വേണ്ടിയാണ് ഇന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ അടിയന്തര വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News