സംസ്ഥാനത്തേക്ക് പന്നികളെ കൊണ്ടുവരുന്നതിന് താത്കാലിക വിലക്ക്
ആഫ്രിക്കൻ സൈ്വൻ ഫീവർ ബീഹാറിലുൾപ്പെടെ പന്നികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ ജാഗ്രതാനിർദേശം നൽകിയിരുന്നു
തിരുവനന്തപുരം: പന്നികളെ ബാധിക്കുന്ന ആഫ്രിക്കൻ സൈ്വൻ ഫീവറിനെതിരെ മുൻകരുതലുമായി സംസ്ഥാനം. പന്നികളേയും പന്നി മാംസവും സംസ്ഥാനത്തേക്ക് കൊണ്ട് വരുന്നത് താൽക്കാലികമായി തടഞ്ഞു. കേരളത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടു പോകുന്നതിനും വിലക്കുണ്ട്. എന്നാൽ സംസ്ഥാനത്തിനകത്തെ പന്നികളെ വളർത്തുന്നിതിലോ അടുത്ത സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിലോ വിലക്കില്ല.
ആഫ്രിക്കൻ സൈ്വൻ ഫീവർ ബീഹാറിലുൾപ്പെടെ പന്നികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ ജാഗ്രതാനിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൃഗ സംരക്ഷണ വകുപ്പ് വിജ്ഞാപനം പുറത്തിറക്കിയത്. വെള്ളിയാഴ്ച മുതൽ തന്നെ ഉത്തരവ് പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
രോഗം മനുഷ്യരിലേക്കോ മറ്റു ജീവികളിലേക്കോ പകരുന്നതല്ല. എന്നാൽ പന്നികളിൽ രോഗം അതിവേഗം പടർന്ന് പിടിക്കാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള പന്നികളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് സർക്കാർ നടപടി. സംസ്ഥാനത്ത് പന്നികളിൽ രോഗം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.