എനിക്ക് ഭക്ഷണം തരില്ല, എപ്പോഴും അടിക്കും; അമ്മ നിരന്തരം ഉപദ്രവിക്കുന്നുവെന്ന പരാതിയുമായി പത്താം ക്ലാസ് വിദ്യാര്‍ഥി
കുടുംബപ്രശ്നത്തിന്‍റെ പേരില്‍ നിരന്തരം അമ്മ തന്നെ അടിക്കാറുണ്ടെന്ന് കുട്ടി മീഡിയവണിനോട് വെളിപ്പെടുത്തി
തിരുവനന്തപുരം: അമ്മയില്‍ നിന്ന് ക്രൂര പീഡനത്തിന് ഇരയാകേണ്ടി വന്നതായി ആരോപിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥി. തിരുവനന്തപുരം സ്വദേശിയായ പതിനഞ്ചുകാരനാണ് അമ്മയ്ക്കെതിരെ പരാതിയുമായി രംഗത്തുവന്നത്. കുടുംബപ്രശ്നത്തിന്‍റെ പേരില്‍ നിരന്തരം അമ്മ തന്നെ അടിക്കാറുണ്ടെന്ന് കുട്ടി മീഡിയവണിനോട് വെളിപ്പെടുത്തി. സംഭവത്തില്‍ ചൈല്‍ഡ് ലൈനും പൊലീസിനും പരാതി കൊടുത്തിട്ട് ഒരു നടപടിയും ഉണ്ടായില്ലെന്നും കുട്ടി ആരോപിച്ചു. കുട്ടിയുടെ പിതാവ് ഡയeലിസിസ് രോഗിയാണ്.
കുട്ടിയുടെ വാക്കുകള്‍
മൂന്നു വര്‍ഷമായിട്ട് എന്നെ നിരന്തരം ഉപദ്രവിക്കുന്നുണ്ട്. പപ്പയും അമ്മയും സെപ്പറേറ്റഡാണ്. അമ്മയ്ക്കു മറ്റൊരു ബന്ധമുള്ളതുകൊണ്ട് അവര്‍ വേര്‍പിരിഞ്ഞത്. ഞാനും അമ്മയും അനിയത്തിയും ഒരു റൂമിലും പപ്പ വേറൊരു മുറിയിലുമാണ് കിടക്കുന്നത്. രാത്രി ഒരു മണിക്കൊക്കെ അമ്മ ഒരാളായിട്ട് സംസാരിക്കുന്നുണ്ട്. ആളെക്കുറിച്ച് ഞാനിപ്പോള്‍ പറയുന്നില്ല. അതു ഞാനൊരിക്കല്‍ കണ്ടു. അതില്‍ പിന്നെ ആ റൂമില്‍ കേറ്റത്തില്ല. ഫുഡ് തരത്തില്ല. ഇക്കഴിഞ്ഞ 24ന് കറന്‍റ് ബില്ല് അടയ്ക്കാത്തിനെ തുടര്‍ന്ന് എന്നേം പപ്പയെയും അമ്മ ഉപദ്രവിച്ചു. നെറ്റിക്ക് മുകളിലായിട്ട് എനിക്ക് അടി തന്നു. കമ്പി വച്ചിട്ടാണ് അടിച്ചത്. കോവളം പൊലീസ് സ്റ്റേഷനില്‍ ഞങ്ങള്‍ പരാതി നല്‍കി. അവിടുത്തെ രണ്ട് പൊലീസുകാര്‍ അമ്മയ്ക്ക് സപ്പോര്‍ട്ടാണ്. അതുകൊണ്ട് ഒരു നടപടിയും ഉണ്ടായില്ല.
ഞാന്‍ പപ്പയെ നോക്കുന്നത് അമ്മയ്ക്ക് ഇഷ്ടമില്ല. പപ്പ മരിച്ചുപോകുമെന്നാണ് അവര്‍ വിചാരിച്ചത്. ഞാനൊരു പത്താം ക്ലാസം വിദ്യാര്‍ഥിയാണ്. എനിക്ക് പഠിക്കണം, നന്നായി ജീവിക്കണം. പപ്പ ഇല്ലാത്ത സമയത്ത് എന്നെ ഈ വീട്ടില്‍ കേറ്റത്തില്ല. എന്നെ അടിക്കും. ഞാനെന്തു ചെയ്യാനാണ്. എനിക്കൊരു മോളു മാത്രമേ ഉള്ളൂവെന്നാണ് അമ്മ പറയുന്നത്. സ്വന്തം അമ്മയില്‍ നിന്നുമാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നത്. വളര്‍ത്തമ്മയാണെങ്കില്‍ എന്തെങ്കിലും ഒരു കാര്യമുണ്ടെന്ന് വിചാരിക്കാം.