കലോത്സവത്തിലെ 'തീവ്രവാദി' വേഷം; കൂടുതൽ വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തകൻ
കലോത്സവത്തിന്റെ സ്വാഗത ഗാനത്തിലെ വിവാദ ദൃശ്യാവിഷ്‌കാരത്തിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലാണ് മാധ്യമപ്രവർത്തകനായ നിസാർ പുതുവനയുടെ ഫേസ്ബുക്ക് പോസ്റ്റിലുള്ളത്.
കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ 'തീവ്രവാദി' വേഷവുമായി ബന്ധപ്പെട്ട കൂടുതൽ വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തകൻ നിസാർ പുതുവന. ദൃശ്യാവിഷ്‌കാരം വിവാദമായതിന് പിന്നാലെ കലോത്സവ നഗരിയിലെ 'മാധ്യമം' ഓഫീസിലെത്തിയ 'മാതാ പേരാമ്പ്ര' ഡയറക്ടർ കനകദാസ് തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തിയതായി അദ്ദേഹം പറഞ്ഞു. മാതാ എന്നതിന്റെ പൂർണരൂപം 'മലയാളം അറബി തിയട്രിക്കൽ ഹെറിറ്റേജ് ആൻഡ് ആർട്‌സ്' എന്നാണെന്നാണ് കനകദാസ് വിശദീകരിച്ചത്. എന്നാൽ 'മാതാ പേരാമ്പ്ര'യുടെ ഫേസ്ബുക്ക് പേജിൽ തന്നെ പറയുന്നത് മലയാളം തിയട്രിക്കൽ ഹെറിറ്റേജ് ആൻഡ് ആർട്സ് എന്നാണ്. അറബികൂടി കൂട്ടിച്ചേർത്ത് തെറ്റിദ്ധരിപ്പിക്കാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. വിവാദ വേഷം ധരിച്ച് എത്തിയ സതീഷ് ബാബു എന്നയാൾ സജീവ സേവാ ഭാരതി പ്രവർത്തകനാണെന്നും സൈനികരായി വേഷമിട്ട രണ്ടുപേർ സി.പി.എം, കോൺഗ്രസ് പ്രവർത്തകരാണെന്നുമാണ് കനകദാസ് പറഞ്ഞതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
കശ്മീരിൽ ക്ഷേത്രത്തിനുള്ളിൽ ആറു വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയതിനെ ന്യായീകരിച്ചുകൊണ്ടാണ് കനകദാസ് സംസാരിച്ചതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കൊലയാളികൾക്ക് അവരുടേതായ ന്യായമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് മുമ്പിൽ ദൃശ്യാവിഷ്‌കാരം നടത്തിയതിനെക്കുറിച്ചും കനകദാസ് വിശദീകരിക്കുന്നുണ്ട്. ഇത്തരം വിവാദങ്ങളുണ്ടാക്കിയാൽ മറുവിഭാഗവും രംഗത്തെത്തുമെന്ന് കനകദാസ് മുന്നറിയിപ്പ് നൽകിയെന്നും നിസാർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കലോത്സവം ഒന്ന് കഴിയട്ടെ എന്ന് കരുതി ഇരുന്നതാണ്. സ്കൂൾ കലോത്സവത്തിലെ സ്വാഗത ഗാനത്തോട് അനുബന്ധിച്ച് അവതരിപ്പിച്ച ദൃശ്യാവിഷ്‍കാരത്തിലെ വിവാദം സംബന്ധിച്ച് 'മാധ്യമം ഓൺലൈൻ' ആണ് ആദ്യം വാർത്ത നൽകിയത്. സ്വാഗത ഗാനം രചിച്ച പ്രശസ്ത കവി പി.കെ ഗോപി അവതരണത്തിന് തൊട്ടുപിന്നാലെ വേദിക്ക് സമീപമുള്ള മാധ്യമത്തിന്റെ താൽകാലിക ഓഫിസിൽ എത്തി സൗഹൃദം പങ്കിട്ടാണ് മടങ്ങിയത്. നൃത്തശിൽപം കണ്ടപ്പോൾ തന്നെ മന്ത്രിമാരായ വി. ശിവൻകുട്ടി, മുഹമ്മദ് റിയാസ്, റിസപ്ഷൻ കമ്മിറ്റി ഭാരവാഹികൾ, നൃത്താവിഷ്‍കാരം നിർവഹിച്ച 'മാതാ പേരാമ്പ്ര' ഡയറക്ടർ കനകദാസ് എന്നിവരുമായി സംസാരിച്ചിരുന്നു. തുടർന്നാണ് വാർത്ത ചെയ്തത്. വാർത്ത വിവാദമായതിനെ തുടർന്ന് ശ്രീ കനകദാസ് കാണാൻ വന്നു. മൂന്നു മണിക്കൂറോളം ഒന്നാംവേദിക്ക് സമീപമിരുന്ന് കനകദാസുമായി സംസാരിച്ചു. അദ്ദേഹവുമായുള്ള ചില വർത്തമാനങ്ങൾ ഇവിടെ പങ്കുവെക്കുന്നു. പ്രചരിക്കുന്ന പലതും സത്യമല്ല എന്നും, കാര്യങ്ങൾ അതിനേക്കാൾ ഗൗരവമുള്ളതാണെന്നും കൂടി വ്യക്തമാക്കാനാണ് ഈ കുറിപ്പ്:
1. മാതാ എന്നതിന്റെ പൂർണനാമം 'മലയാളം അറബി തിയട്രിക്കൽ ഹെറിറ്റേജ് ആൻഡ് ആർട്സ്' എന്നാണെന്ന് കനകദാസ് പറഞ്ഞു. ഇത് വാസ്തവമല്ല, 'മലയാളം തിയട്രിക്കൽ ഹെറിറ്റേജ് ആൻഡ് ആർട്സ്' എന്നാണ് അതിന്റെ പേരെന്ന് അവരുടെ തന്നെ ഫേസ്ബുക്ക് പേജിൽ പറയുന്നു. എന്തിനാണ് അറബി കൂടി തിരുകി എന്നെ തെറ്റിദ്ധരിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചതെന്ന് വ്യക്തമല്ല.
2. ഇങ്ങനെയൊക്കെ വിവാദം സൃഷ്ടിച്ചാൽ മറുവിഭാഗവും രംഗത്തെത്തുമെന്ന് അദ്ദേഹം എനിക്ക് മുന്നറിയിപ്പുതന്നു.
3. തനിക്ക് രാഷ്ട്രീയമില്ലെന്നും കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നിൽ 50 മിനുട്ട് ദൃശ്യാവിഷ്‍കാരം നടത്തിയെന്നും അമിത് ഷാ തിരക്കുണ്ടായിട്ടും അത് മുഴുവൻ ഇരുന്ന് കണ്ടുവെന്നും കനകദാസ് പറഞ്ഞു.
4. കശ്മീരിൽ ക്ഷേത്രത്തിനുള്ളിൽ ക്ഷേത്ര പൂജാരിയാലും കൂട്ടാളികളാലും ബലാത്സംഗം ചെയ്ത് ആറു വയസുകാരിയെ കൊലപ്പെടുത്തിയവർക്ക് അവരുടേതായ ന്യായമുണ്ടെന്ന് സംസാരത്തിനിടെ ശ്രീ. കനകദാസ് പറഞ്ഞത് വളരെ പ്രയാസത്തോടെ കേൾക്കേണ്ടിവന്നു.
5. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, മറ്റ് പ്രമുഖർ എന്നിവരുടെ മുന്നിൽ പരിപാടിക്ക് മുമ്പ് ഇത് അവതരിപ്പിച്ചപ്പോൾ വേഷം ധരിച്ചിരുന്നില്ല. പിന്നീട് 'തീവ്രവാദിയായി' അഭിനയിക്കുന്ന ആൾ എന്തെങ്കിലും വേഷം ഇടണ്ടേ എന്ന് കരുതി താനാണ് ഒരു തോർത്ത് തലയിൽ ഇടാൻ ആവശ്യപ്പെട്ടതെന്ന് കനകദാസ് പറയുന്നു.
6. വിവാദ വേഷം ധരിച്ച് എത്തിയ സതീഷ് ബാബു എന്നയാൾ സജീവ സേവാ ഭാരതി പ്രവർത്തകൻ ആണെന്നും സൈനികരായി വേഷമിട്ട രണ്ടുപേർ സി.പി.എം, കോൺഗ്രസ് പ്രവർത്തകരാണെന്നും കനകദാസ് പറഞ്ഞു.
വളരെ ശാന്തനായ ഒരു മനുഷ്യനാണ് അദ്ദേഹം. സംസാരത്തിൽനിന്നും എനിക്ക് ബോധ്യമായത് ഇത്രയുമാണ്. കനകദാസിന് കൃത്യമായ രാഷ്ട്രീയമുണ്ട്. കൃത്യമായി അത് പ്രയോഗിക്കുകയും ചെയ്യുന്നുണ്ട്. കുഞ്ഞുമക്കളാണ്. അവർ നല്ലതുമാത്രം കണ്ടും കേട്ടും വളരാനുള്ള വലിയൊരു വേദിയാണ് കലോത്സവം. പാടില്ലായിരുന്നു. ശ്രദ്ധിക്കാമായിരുന്നു. ഒന്നുറപ്പാണ്, മഴു ഓങ്ങി നിൽക്കുകയല്ല. വെട്ടിത്തുടങ്ങിയിരിക്കുന്നു.
കണ്ണുവേണമിരുപുറമെപ്പോഴും
കണ്ണുവേണം മുകളിലും താഴെയും
NB: നൃത്തശിൽപത്തിൽ തീവ്രവാദി വേഷം ധരിച്ച സേവാഭാരതി പ്രവർത്തകൻ സതീഷ് ബാബുവിന് ഭീഷണി ഫോണുകൾ വരുന്നതായി കനകദാസ് പറയുന്നു. സംഭവം സത്യമെങ്കിൽ അതീവ ഗൗരവമുള്ളതും അപലപനീയവുമാണത്. ഒരു കലാസൃഷ്ടിക്കെതിരെ എതിർത്തും സംവാദവുമാകാം. ഭീഷണിയരുത്...