ഹെർണിയ ശസ്ത്രക്രിയക്കിടെ വൃഷണം പ്രവർത്തനരഹിതമായ സംഭവം; ഡോക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ച
വയനാട് മെഡിക്കൽ കോളജിലെ സീനിയർ സർജൻ ഡോ. ജുബേഷ് അത്തിയോട്ടിലാണ് ശസ്ത്രക്രിയ നടത്തിയത്.
വയനാട്: വയനാട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ യുവാവിന്റെ വൃഷണം പ്രവർത്തനരഹിതമായ സംഭവത്തിൽ ഡോക്ടർക്ക് ഗുരുതര ചികിത്സാ പിഴവുണ്ടായെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. റിപ്പോർട്ട് ഡി.എം.ഒ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ചു. ചികിത്സാ പിഴവ് സംബന്ധിച്ച് തോണിച്ചാൽ സ്വദേശി എൻ.എസ് ഗിരീഷിൻ്റെ പരാതി മീഡിയവണാണ് പുറത്തെത്തിച്ചത്.
വയനാട് മെഡിക്കൽ കോളജിൽ കഴിഞ്ഞമാസം 13ന് ഹെർണിയ ശസ്ത്രക്രിയക്കെത്തിയ യുവാവിൻ്റെ ചികിത്സയിൽ ഗുരുതര പിഴവുണ്ടായെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. മെഡിക്കൽ കോളജിലെ സീനിയർ സർജൻ ഡോ. ജുബേഷ് അത്തിയോട്ടിലാണ് ശസ്ത്രക്രിയ നടത്തിയത്. ഡോക്ടറുടെ അശ്രദ്ധമൂലം വൃഷ്ണം പ്രവർത്തനരഹിതമായെന്നും സ്വകാര്യ മെഡി. കോളജിൽ നടത്തിയ പരിശോധനയിൽ വൃഷ്ണത്തിന്റെ പ്രവർത്തനം നിലച്ചത് കണ്ടെത്തി വൃഷണം നീക്കം ചെയ്തുവെന്നും എടവക കുടുംബാരോഗ്യ കേന്ദ്രത്തിലെ സീനിയർ ക്ലർക്ക് എൻ.എസ് ഗിരീഷാണ് മുഖ്യമന്ത്രിക്കും ഡി.എം.ഒക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നത്.
അപകടം സംഭവിച്ചയുടനെ വിവരമറിഞ്ഞിരുന്നെങ്കിൽ വിദഗ്ധ ചികിത്സ നേടാനാകുമായിരുന്നെന്നും ചികിത്സയിൽ ഗുരുതര പിഴവുണ്ടായിട്ടും അത് മറച്ചുവെച്ചുവെന്നുമുള്ള പരാതിയിൽ കഴമ്പുണ്ടെന്നാണ് ഡി.എം.ഒ നിയോഗിച്ച അന്വേഷണസംഘത്തിൻ്റെ കണ്ടെത്തൽ. റിപ്പോർട്ട് ഡി.എച്ച്.എസിന് സമർപ്പിച്ചിട്ടുണ്ടെന്നും അവർ തുടർനടപടി കൈക്കൊള്ളുണമെന്നും ഡി.എം.ഒ അറിയിച്ചു. വിഷയത്തിൽ ഡി.എച്ച്.എസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അന്വേഷിച്ച് നടപടിയെടുക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും നേരത്തെ ആരോഗ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.