'ബി.ജെ.പി വിട്ട് സി.പി.എമ്മിലെത്തി': തലശ്ശേരി ഇരട്ടക്കൊല കേസിലെ മുഖ്യപ്രതിയുടെ പാര്‍ട്ടി ബന്ധം സ്ഥിരീകരിച്ച് എം.വി ജയരാജന്‍
'ലഹരി മാഫിയ സംഘത്തെ ഒറ്റപ്പെടുത്തുകയും പ്രതിരോധിക്കുകയും ചെയ്യുക എന്നതാണ് പാർട്ടി നിലപാട്'
തലശ്ശേരി ഇരട്ടക്കൊലപാതക കേസില്‍ പ്രധാന പ്രതി പാറായി ബാബുവിന്‍റെ സി.പി.എം ബന്ധം സ്ഥിരീകരിച്ച് പാര്‍ട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. വർഷങ്ങൾക്ക് മുൻപ് ബി.ജെ.പിയിൽ നിന്നും സി.പി.എമ്മിലെത്തിയതാണ്. മറ്റു പ്രതികൾക്ക് പാർട്ടി ബന്ധമില്ലെന്നും എം.വി ജയരാജൻ പറഞ്ഞു.
ആരായാലും കൊലയ്ക്ക് ന്യായീകരണമില്ല. ലഹരി മാഫിയ സംഘത്തെ ഒറ്റപ്പെടുത്തുകയും പ്രതിരോധിക്കുകയും ചെയ്യുക എന്നതാണ് പാർട്ടി നിലപാട്. രണ്ടാം പ്രതി ജാക്സനാണ് ലഹരി മാഫിയ തലവൻ. ഇയാളുടെ ബന്ധുവാണ് പാറായി ബാബു. പാർട്ടിയിൽ ലഹരി ബന്ധമുള്ളവരുണ്ടോയെന്ന് പരിശോധിക്കുമെന്നും എം.വി ജയരാജന്‍ വ്യക്തമാക്കി.
ലഹരി വില്‍പ്പന തടഞ്ഞതിലുള്ള വിരോധം മൂലമാണ് തലശ്ശേരിയില്‍ രണ്ട് പേരെ കുത്തിക്കൊലപ്പെടുത്തിയത്. ബന്ധുക്കളായ ഷമീർ, ഖാലിദ് എന്നിവരെയാണ് കുത്തിക്കൊന്നത്. അക്രമം തടയാൻ ശ്രമിച്ച ഷാനിബ് എന്ന ആൾക്ക് ഗുരുതര പരിക്കേറ്റു. നിട്ടൂർ സ്വദേശി പാറായി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊലക്ക് പിന്നിലെന്ന് ഷാനിബ് പൊലീസിന് മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ബാബുവിന്റെ ഭാര്യാ സഹോദരൻ ജാക്സൺ, ഫർഹാൻ, നവീൻ എന്നിവരെ തലശ്ശേരി പൊലീസ് ആദ്യം കസ്റ്റഡിയില്‍ എടുത്തു. പിന്നാലെയാണ് പാറായി ബാബുവിനെ അറസ്റ്റ് ചെയ്തത്.
കൊല്ലപ്പെട്ട ഷമീറിന്റെ മകൻ ഷാനിബ് പ്രദേശത്തെ ലഹരി വില്പന ചോദ്യംചെയ്തിരുന്നു. പിന്നാലെ ഒരു സംഘം ഇയാളെ മർദിച്ചു. മർദനമേറ്റ ഷാനിബിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവിടെ എത്തിയ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷമീറിനെയും ഖാലിദിനെയും ആശുപത്രിയിൽ നിന്നും വിളിച്ചിറക്കി കൊലപ്പെടുത്തിയത്.
അതിനിടെ പാറായി ബാബു ഡി.വൈ.എഫ്.ഐയുടെ ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുത്ത ദൃശ്യങ്ങൾ പുറത്തുവന്നു. ഡി.വൈ.എഫ്.ഐയുടെ ആഭിമുഖ്യത്തിൽ കൊളശേരിയിൽ നടന്ന മനുഷ്യ ചങ്ങലയിലാണ് ഇയാൾ പങ്കെടുത്തത്. ഇതോടെ പാറായി ബാബുവിന്‍റെ സി.പി.എം ബന്ധം ചര്‍ച്ചയായി. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സി.പി.എം നേതൃത്വം ഇതുവരെ തയ്യാറായിരുന്നില്ല. ഇന്നാണ് എം.വി ജയരാജന്‍ പാറായി ബാബുവിന്‍റെ പാര്‍ട്ടി ബന്ധം സ്ഥിരീകരിച്ചത്.