പുലര്‍ച്ചെ പുരപ്പുറത്ത് നൈറ്റി ധരിച്ചൊരു കള്ളന്‍; ഫോണില്‍ കണ്ട് മകള്‍,ഒന്നര കിലോമീറ്റര്‍ ഓടിച്ചിട്ടു പിടിച്ച് പൊലീസ്

വെള്ളൂരിലുള്ള ഒരു വീട്ടിൽ മോഷണം നടത്തുന്നതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്

Update: 2022-01-20 04:47 GMT
Editor : Jaisy Thomas | By : Web Desk
Advertising

നൈറ്റിയിട്ട് വീടിന് മുകളിൽ കയറി നിന്ന് ഭയപ്പെടുത്തി മോഷണം നടത്തുന്നയാൾ കോട്ടയത്ത് പിടിയിൽ. ബോബിന്‍സ് ജോണിനെയാണ് പൊലീസ് പിടികൂടിയത്. വെള്ളൂരിലുള്ള ഒരു വീട്ടിൽ മോഷണം നടത്തുന്നതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. സ്റ്റേഷൻ അതിർത്തിപോലും നോക്കാതെയാണ് ഒന്നര കിലോമീറ്റർ പിന്നാലെ ഓടി തലയോലപ്പറമ്പ് എസ്.ഐ വി.എം ജയ്മോനും സംഘവും മോഷ്ടാവിനെ പിടികൂടിയത്.

വിമുക്തഭടനായ കീഴൂർ മേച്ചേരിൽ എം.എം മാത്യുവിന്‍റെ (80) വീട്ടിൽ കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെയാണ് കീഴൂർ ചിറ്റേട്ട് പുത്തൻപുര ബോബിൻസ് ജോൺ (32) പിടിയിലായത്. വാതിൽ പൊളിക്കാനും പൂട്ടുതുറക്കാനും ഉപയോഗിക്കുന്ന സ്റ്റീൽ കൊണ്ടുള്ള ആയുധവും പൊലീസ് കണ്ടെടുത്തു.

തലയോലപ്പറമ്പ് സ്റ്റേഷനിലെ പൊലീസ് സംഘം പൊതി മേഴ്സി ആശുപത്രിക്ക് സമീപം പട്രോളിങ് നടത്തുന്നതിനിടെയാണ് എസ്.ഐ ജയ്മോന് ഫോൺ വരുന്നത്. കീഴൂരിൽ ഒരു വീട്ടിൽ കയറിയ മോഷ്ടാവ് കവർച്ചയ്ക്ക് മുന്നോടിയായി സിസി ടിവി ക്യാമറകൾ തുണികൊണ്ടു മൂടുന്നു എന്നായിരുന്നു സന്ദേശം. പ്രായമായ മാതാപിതാക്കൾ തനിച്ചു താമസിക്കുന്ന വീട്ടിലെ സിസി ടിവി ദൃശ്യങ്ങൾ പാലായിൽ താമസിക്കുന്ന മകൾ സോണിയ മാത്യു തൽസമയം സ്വന്തം ഫോണിൽ കണ്ടതാണ്. ഭയന്നു പോയ മകൾ കീഴൂരിൽ അയൽവാസിയായ പ്രഭാത് കുമാറിനെ വിവരം അറിയിച്ചു. പ്രഭാത് എസ്.ഐ ജയ്മോനു വിവരം കൈമാറുകയായിരുന്നു.

വെള്ളൂർ സ്റ്റേഷൻ പരിധിയിലായിരുന്നു വീടെന്നത് കണക്കാക്കാതെ ജയ്മോനും സീനിയർ സി.പി.ഒ രാജീവും സ്ഥലത്തേക്ക് പാഞ്ഞു. ഒപ്പം വെള്ളൂർ സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു. വീടിന്‍റെ ഗേറ്റ് ചാടിക്കടന്ന് പിന്നിലെത്തിയ പൊലീസിനെ കണ്ട് മോഷ്ടാവ് രണ്ടാം നിലയിൽ നിന്നു മുറ്റത്തേക്ക് ചാടിയോടി. സ്ത്രീകളുടെ നൈറ്റിയാണ് ഇയാൾ ധരിച്ചിരുന്നത്. തുടര്‍ന്ന് വെള്ളൂർ എസ്ഐ കെസജിയും സിപിഒ പി എസ് ബിബിനും സ്ഥലത്ത് എത്തി. റോഡെന്നോ പാടമെന്നോ നോക്കാതെ ഓടിയ കള്ളനെ പൊലീസ് സംഘം കുറ്റിക്കാട്ടിൽ നിന്ന് പിടികൂടി വെള്ളൂർ പൊലീസിന് കൈമാറി. പ്രതിയെ കോടതിയിൽ ഹാജരാക്കിയതായി വെള്ളൂർ എസ്.എച്ച്.ഒ പ്രസാദ് അറിയിച്ചു.


Full View



Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News