തളിപ്പറമ്പ് തിരുവട്ടൂരിൽ പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
തിരുവട്ടൂർ സ്വദേശി മെഹ്‌റൂഫ് (27)ന്റെ മൃതദേഹമാണ് പുഴയിൽ കണ്ടെത്തിയത്.
തള്ളിപ്പറമ്പ്: തള്ളിപ്പറമ്പ് തിരുവട്ടൂരിൽ പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരുവട്ടൂർ സ്വദേശി മെഹ്‌റൂഫ് (27)ന്റെ മൃതദേഹമാണ് പുഴയിൽ കണ്ടെത്തിയത്. മണൽ വാരുന്നതിനിടെ പൊലീസ് ഓടിച്ചതിനെ തുടർന്നാണ് മെഹ്‌റൂഫ് പുഴയിൽ വീണതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ലോറി ഡ്രൈവറായ മെഹ്‌റൂഫും കൂട്ടുകാരും മിനിയാന്ന് രാത്രി മണൽ വാരുന്നതിനിടെയാണ് പൊലീസ് എത്തിയത്. തുടർന്ന് ഇവർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ മെഹ്‌റൂഫ് പുഴയിൽ വീണെന്നും തിരച്ചിൽ നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും പൊലീസ് ഗൗരവമായി എടുത്തില്ലെന്നും ബന്ധുക്കൾ പറയുന്നു.
ഇന്ന് ഉച്ചക്ക് 12.30നാണ് മെഹ്‌റൂഫിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തിയത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പ്രതിഷേധിച്ചു. മെഹ്‌റൂഫിനെ കാണാനില്ലെന്ന പരാതി ഇന്നാണ് ലഭിച്ചതെന്നാണ് പൊലീസ് പറയുന്നത്.