യാത്രാനുമതിയില്ല: താമരശ്ശേരി ചുരത്തിൽ ലോറികൾ കുടുങ്ങിയിട്ട് ഒരു മാസം
പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം പോലും ഇല്ലാതെ പ്രയാസപ്പെടുകയാണ് ജീവനക്കാര്‍
വയനാട്: കൂറ്റന്‍ യന്ത്രങ്ങളുമായി താമരശ്ശേരി ചുരം കയറാനെത്തിയ ലോറികള്‍ റോഡില്‍ കുടുങ്ങിയിട്ട് ഒരുമാസം പിന്നിടുമ്പോള്‍ ജീവനക്കാര്‍ ദുരിതത്തിൽ. യാത്രാ അനുമതി ലഭിക്കാത്തതിനാൽ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം പോലും ഇല്ലാതെ പ്രയാസപ്പെടുകയാണ് ഇവർ.
കര്‍ണാടകയിലെ നഞ്ചങ്കോടുള്ള ബിസ്‌കറ്റ് ഫാക്ടറിയിലേക്കുള്ള മെഷീനുകളുമായി എത്തിയ ട്രെയ്ലറുകളാണ് അടിവാരത്ത് യാത്രാ അനുമതി ലഭിക്കാതെ കുടുങ്ങി കിടക്കുന്നത്. 16 അടിയോളം വീതിയിലും ഇരുപത് അടിയോളം ഉയരത്തിലുമുള്ള മെഷീനുകളാണ് ലോറിയിലുള്ളത്. ചുരം കയറിയാൽ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുമെന്നതിനാൽ യാത്രാനുമതി നിഷേധിച്ചിരുന്നു. സെപ്റ്റംബര്‍ ആദ്യത്തിൽ എത്തിയ ലോറികൾ അനുമതി തേടി കോഴിക്കോട്, വയനാട് കലക്ട്രേറ്റുകളെ നിരവധി തവണ സമീപിച്ചു. റോഡിന് കുറുകെ ലൈനുകള്‍ ഇല്ലാത്തതിനാല്‍ തടസ്സമില്ലാതെ ചുരം വഴി കടന്നു പോകാനാകുമെന്നാണ് ലോറി ഡ്രൈവര്‍മാര്‍ പറയുന്നത്.
പന്ത്രണ്ടോളം ജീവനക്കാരാണ് ഒരു മാസമായി പെരുവഴിയില്‍ അകപ്പെട്ടത്. അടിവാരം പോലീസ് ഔട്‌പോസ്റ്റിന് സമീപത്തായി ദേശീയപാതയോരത്താണ് ലോറികള്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. ലോറി കടത്തിവിടുന്നതിനാവശ്യമായ സംവിധാനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വയനാട് എ ഡി എം റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തുടർ നടപടികൾ ഉണ്ടായില്ലെന്ന് ജീവനക്കാർ പറയുന്നു.