താമരശ്ശേരി വനം വകുപ്പ് ഓഫീസ് കത്തിച്ച കേസ്: മൂന്ന് സാക്ഷികൾക്ക് ഇന്ന് സമൻസയയ്ക്കും

പ്രധാന സാക്ഷികളായ വനം വകുപ്പുദ്യോഗസ്ഥരും പൊലീസുകാരും കൂറുമാറിയത് കേസിനെ ബാധിക്കുമെന്നാണ് ആശങ്ക

Update: 2023-02-06 01:12 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: താമരശ്ശേരി വനം വകുപ്പ് ഓഫീസ് കത്തിച്ച കേസിലെ മൂന്ന് സാക്ഷികൾക്ക് ഇന്ന് സമൻസയയ്ക്കും. പ്രോസിക്യൂഷൻ നിരന്തരം ആവശ്യപ്പെട്ടിട്ടും സഹകരിക്കാതിരുന്ന മൂന്ന് സർക്കാർ ഉദ്യോഗസ്ഥർക്കാണ് നോട്ടീസ് അയയ്ക്കുക. കേസ് ഡയറി കാണാതായതിനെ തുടർന്ന് അന്വേഷണ രേഖകൾ പ്രോസിക്യൂഷൻ അപേക്ഷ നൽകി കോടതിയിൽ നിന്നും വാങ്ങി.

ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി.എസ്.സജുവർഗീസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സുബ്രഹ്മണ്യൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുരേഷ് എന്നിവർക്കാണ് സമൻസയയ്ക്കുക. കോടതിയിലെത്താമെന്ന് മൂവരും പ്രോസിക്യൂഷനെ അറിയിച്ചു. കേസിലെ പ്രധാന സാക്ഷികളായ വനം വകുപ്പുദ്യോഗസ്ഥരും പൊലീസുകാരും കൂറുമാറിയത് കേസിനെ ബാധിക്കുമെന്നാണ് ആശങ്ക. രണ്ടാം സാക്ഷി ഡപ്യൂട്ടി റേഞ്ച് ഓഫീസർ എകെ രാജീവൻ, മൂന്ന്, ആറ് സാക്ഷികൾ, ബീറ്റ് ഓഫീസർമാരായ പ്രവീൺ, സുരേന്ദ്രൻ, ഏഴാം സാക്ഷി റിട്ടയർഡ് സിവിൽ പൊലീസ് ഓഫീസർ പുരുഷോത്തമൻ തുടങ്ങി എട്ട് സർക്കാർ ജീവനക്കാരാണ് ഇതിനകം കൂറുമാറിയത്.

അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന അന്ന് ഡ്യൂട്ടിയിലിരുന്ന അസിസ്റ്റന്റ് കമ്മീഷണർ എ.കെ ബിജു രാജും ഡി.വൈ.എസ്.പി ജയ്‌സൺ പി. എബ്രഹാമും പ്രതികളെ തിരിച്ചറിഞ്ഞില്ല. കേസന്വേഷിച്ച ഡി.വൈ.എസ് പി ടി.സി വേണുഗോപാൽ കോടതിയിൽ മൊഴി നൽകാനെത്തിയിരുന്നു. കേസ് ഡയറിയില്ലാത്തതിനാൽ കൃത്യമായ മൊഴി നൽകാൻ കഴിയുന്നില്ലന്നൊണ് സാക്ഷി വിസ്താരത്തിനിടയിൽ ഡി.വൈ.എസ്.പി പറഞ്ഞത്. താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു കുറ്റപത്രം സമർപ്പിച്ചത്.

അന്ന് കേസ് ഡയറി താമരശേരി പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നുവെന്നതിന് രേഖകളുണ്ട്. 2016 ഫെബ്രുവരി 10 നാണ് കേസ് എരഞ്ഞിപാലത്തെ പ്രത്യേക കോടതിയിലേക്ക് മാറ്റിയത്. കേസ് ഡയറി കാണാതായ സംഭവത്തിൽ പൊലീസും അന്വേഷണം തുടങ്ങി. താമരശ്ശേരിയിലെ വനം വകുപ്പ് ഓഫീസും ഫയലുകളും ഏഴ് സർക്കാർ വാഹനങ്ങളും മറ്റും തീ വെച്ച് നശിപ്പിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. എഴുപത്തി ഏഴ് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് കണക്ക്.


Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News