താനൂർ കസ്റ്റഡി മരണം; എട്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ
ലഹരിമരുന്ന് കേസിൽ കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി സ്വദേശി താമിർ ജിഫ്രിയാണ് കഴിഞ്ഞ ദിവസം മരിച്ചത്.
മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ ആരോപണ വിധേയരായ പൊലീസുകാർക്ക് എതിരെ നടപടി. എട്ട് പൊലീസുകാരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. എസ്.ഐ കൃഷ്ണലാൽ, താനൂർ പൊലീസ് സ്റ്റേഷനിലെ മനോജ്, ശ്രീകുമാർ, ആശിഷ് സ്റ്റീഫൻ, ജിനേഷ്, അഭുമന്യൂ, കൽപകഞ്ചേരി പൊലീസ് സ്റ്റേഷനിലെ വിപിൻ, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലെ ആൽബിൻ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്.
ലഹരിമരുന്ന് കേസിൽ കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി സ്വദേശി താമിർ ജിഫ്രിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. താമിർ ജിഫ്രിയെയും മറ്റു നാലുപേരെയും എം.ഡി.എം.എയുമായി കഴിഞ്ഞ ദിവസം പുലർച്ചെ 1.45ഓടെയാണ് താനൂരിൽ നിന്ന് പിടികൂടിയെന്നാണ് പൊലീസ് പറയുന്നത്. ലോക്കപ്പിൽവെച്ച് ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടായെന്ന് പുലർച്ചെ കൂടെയുള്ളവർ അറിയിച്ചെന്നും നാലരയോടെ സ്വകാര്യ ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചെന്നുമാണ് പൊലീസ് വിശദീകരണം.