തിരുവനന്തപുരം കോർപ്പറേഷൻ സമരവേദിയിലും തരൂർ: വിമർശനത്തിന് മറുപടി
തിരുവനന്തപുരത്തെ പാർട്ടി പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് പിന്നാലെയാണ് തരൂരിന്റെ തലസ്ഥാനത്തേക്കുള്ള രംഗപ്രവേശം
തിരുവനന്തപുരം: തലസ്ഥാനത്തെ പാർട്ടി സമരങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നുവെന്ന വിമർശനത്തിന് മറുപടിയായി കോർപ്പറേഷൻ സമരവേദിയിൽ ശശി തരൂർ എം.പി. കത്ത് വിവാദത്തിൽ മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താനാണെന്ന് വി.ഡി സതീശന് തരൂർ മറുപടി നൽകി. സമരത്തിന് വേണ്ട എല്ലാ പിന്തുണയും നൽകുമെന്ന് ഉറപ്പും നൽകിയാണ് തരൂർ മടങ്ങിയത്.
തിരുവനന്തപുരത്തെ പാർട്ടി പ്രതിഷേധങ്ങളിൽ എം.പി എന്ന നിലയ്ക്ക് പങ്കെടുക്കുന്നില്ല എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് പിന്നാലെയാണ് തരൂരിന്റെ തലസ്ഥാനത്തേക്കുള്ള രംഗപ്രവേശം. ഇതിനു മുന്നോടിയായി ഇന്നലെ രാത്രി തന്നെ എം.പിയുടെ പേരിൽ കോർപ്പറേഷൻ മുന്നിൽ ഫ്ലക്സ് ബോർഡും സ്ഥാപിച്ചിരുന്നു.
പാർട്ടിക്കുള്ളിൽ അഭിപ്രായ ഭിന്നതകൾ നിലനിൽക്കുമ്പോഴും കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ ശക്തൻ, ഡി.സി.സി പ്രസിഡന്‍റ് പാലോട് രവി, യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ് ശബരീനാഥൻ തുടങ്ങിയവർ തരൂരിനൊപ്പം വേദി പങ്കിട്ടു. മേയറുടെ രാജി ആവശ്യപ്പെട്ട തീയതി ഓർമിപ്പിച്ചുകൊണ്ടായിരുന്നു തരൂർ മറുപടി നൽകിയത്. തന്റെ പ്രസ്താവനകളെ പലരും മനപ്പൂർവം മറക്കുന്നുവെന്ന പരാതിയും തരൂർ ഉന്നയിച്ചു.
സമരത്തിന് നേതൃത്വം നൽകേണ്ടത് താനല്ല പകരം കൗൺസിലർമാരാണെന്നും അവർക്കുവേണ്ട എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും പറഞ്ഞു കൊണ്ടാണ് തരൂർ വേദി വിട്ടത്.