'മോദിയെ നേരിടാൻ നല്ലത് തരൂരാണ്'; പിന്തുണച്ചതിൽ അഭിമാനമെന്ന് കെഎസ് ശബരീനാഥൻ

തരൂരിന് കേരളത്തിൽ നിന്ന് ആദ്യമായി പരസ്യ പിന്തുണ നൽകിയ നേതാവാണ് ശബരീനാഥൻ

Update: 2022-09-30 11:51 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: ബിജെപിയെ നേരിടാൻ കൃത്യമായ ബദൽ ഉയർത്തുന്നത് ശശി തരൂരെന്ന് മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ കെഎസ് ശബരീനാഥൻ. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തരൂരിന് കേരളത്തിൽ നിന്ന് ആദ്യമായി പരസ്യ പിന്തുണ നൽകിയ നേതാവാണ് ശബരീനാഥൻ. 

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന വിവരം പുറത്തുവന്നപ്പോൾ തന്നെ ശശി തരൂരിന്റെ പേര് പാർട്ടിയുടെ താഴെത്തട്ടിൽ നിന്ന് തന്നെ ഉയർന്നുവന്നിരുന്നുവെന്ന് ശബരീനാഥൻ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ പരസ്യമായി പിന്തുണച്ചത്. തരൂർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിൽ കേരളത്തിൽ നിന്ന് തന്നെ പതിനഞ്ചോളം പേർ പിന്തുണ അറിയിച്ചിരുന്നു.

"രാഹുൽ ഗാന്ധി കഴിഞ്ഞാൽ ബിജെപിയുടെയും ആർഎസ്എസിന്റെയും വർഗീയ രാഷ്ട്രീയത്തെ കാര്യക്ഷമമായി നേരിടുന്ന കോൺഗ്രസ് നേതാവ് ശശി തരൂരാണ്. അതോടൊപ്പം പല പ്രതിപക്ഷ പാർട്ടികളും മോദി സർക്കാറിനെ താഴെയിറക്കണമെന്ന് ആഗ്രഹിക്കുമ്പോൾ അതിന് ചുക്കാൻ പിടിക്കാൻ കഴിവുള്ള നേതാവും തരൂർ തന്നെയാണ്. കോൺഗ്രസിന്റെ ചരിത്രം ഇന്നത്തെ കാലത്തേ പ്രത്യേകതകൾ വെച്ച് പുതിയ തലമുറക്ക് മനസിലാക്കി കൊടുക്കാനും പഴയ തലമുറയെ ഓർമിപ്പിക്കുവാനും ഇതിൽ നിന്ന് ഊർജം കൊണ്ട് പുതിയ ആശയങ്ങൾ കൊണ്ടുവരാനും കഴിയുന്ന ഒരാളാകണം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷൻ"; ശബരീനാഥൻ പറയുന്നു.

കൂടാതെ, 1897ൽ ചേറ്റൂർ ശങ്കരൻ നായർ എഐസിസി അധ്യക്ഷനായി 125 വർഷങ്ങൾക്കിപ്പുറം ഒരു മലയാളി അധ്യക്ഷനാകാനുള്ള സാധ്യതയാണ് കാണുന്നത്. അതിനോടൊപ്പം നിൽക്കുന്നതിനും അതിനെ പിന്തുണക്കുന്നതിലും അഭിമാനമുണ്ടെന്നും ശബരീനാഥൻ കൂട്ടിച്ചേർത്തു. ജയപരാജയങ്ങൾ സാധാരണമാണ്. എന്നാൽ ഈ തെരഞ്ഞെടുപ്പ് കോൺഗ്രസിന് കൂടുതൽ ശക്തി പകരുമെന്നും ശബരീനാഥൻ കൂട്ടിച്ചേർത്തു.

അതേസമയം, കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ തരൂർ ഒറ്റക്കായി. പാർട്ടിയിൽ സമ്പൂർണ അഴിച്ചുപണി ആവശ്യപ്പെട്ട് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതിയ ജി23 നേതാക്കൾ മല്ലികാർജുൻ ഖാർഗെയ്ക്ക് പിന്തുണ നൽകിയതോടെയാണ് തരൂർ ഒറ്റപ്പെട്ടത്. കത്തയച്ച നേതാക്കളിൽ പ്രമുഖനായിരുന്നു തരൂർ.  

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News