'ആര് എവിടെ മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കും'; തരൂരിന്‍റെ നിയമസഭാ സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയായി കോണ്‍ഗ്രസ് നേതൃത്വം
തരൂരിന് പിന്നാലെ ടി.എൻ പ്രതാപനടക്കമുള്ളവർ നിയമസഭയിൽ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതും നേതൃത്വത്തിന് തലവേദനയായി
തിരുവനന്തപുരം: നിയമസഭയിലേക്ക് മത്സരിക്കാനുള്ള ശശി തരൂരിന്റെ ആഗ്രഹത്തെ പിന്തുണയ്ക്കാതെ കോൺഗ്രസ് നേതാക്കൾ. ആര് മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കുമെന്നായിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. കെ മുരളീധരനും തിരുവഞ്ചൂർ രാധാകൃഷ്ണനമടക്കമുള്ള നേതാക്കളും തരൂരിന്റെ നീക്കത്തെ തള്ളി.
നിയമസഭ ലക്ഷ്യമിട്ട് തരൂർ നടത്തുന്ന നീക്കങ്ങളെ അങ്ങനെ ഉൾകൊള്ളാൻ നിലവിലെ കോൺഗ്രസ് നേതൃത്വം തയ്യാറാല്ല. പരസ്യമായ ആഗ്രഹ പ്രകടനങ്ങളെ വകവെച്ച് കൊടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് മിക്ക നേതാക്കളും. എവിടെയൊക്കെ ആരൊക്കെ മത്സരിക്കണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന കെ. മുരളീധരന്റെ വാക്കുകളും തരൂരടക്കമുള്ളവർക്കുള്ള മുന്നറിയിപ്പാണ്
ഒന്നിനും സമയമായിട്ടില്ലെന്ന അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂരിന്റെ പ്രസ്താവനയുടെ ഉള്ളടക്കവും സമാനമാണ്. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലടക്കം തരൂരിനെ എതിർക്കാതിരുന്ന എ ഗ്രൂപ്പിന്റെ മുഴുവൻ പിന്തുണയും ആർജ്ജിക്കാനും തരൂരിന് ഇതുവരെയായിട്ടില്ല. തരൂരിന് പിന്നാലെ ടി.എൻ പ്രതാപനടക്കമുള്ളവർ നിയമസഭയിൽ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതും നേതൃത്വത്തിന് തലവേദനയായി.