ആ 'വി.ഐ.പി' ശരത് തന്നെ; വധ ഗൂഢാലോചനകേസിൽ ശരത്തിനെ പ്രതി ചേർക്കും
ശരത്തിനെ ഇന്ന് വൈകിട്ട് വീണ്ടും ചോദ്യം ചെയ്യും
വധഗൂഢാലോചന കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത് തന്നെയെന്ന് സ്ഥിരീകരിച്ചു. കേസിൽ ശരത്തിനെ പ്രതി ചേർക്കും. കേസിൽ ആറാം പ്രതിയായാണ് ശരത്തിന്റെ പേര് ചേർക്കുക. ശരത്തിനെ ഇന്ന് വൈകിട്ട് വീണ്ടും ചോദ്യം ചെയ്യും. ബാലചന്ദ്രകുമാർ പറഞ്ഞ വി.ഐ.പി ശരത്താണെന്ന് നേരത്തെ തന്നെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു.എന്നാൽ ഇത് സാധൂകരിക്കുന്ന കൂടുതൽ തെളിവുകൾക്ക് വേണ്ടിയാണ് അന്വേഷണ സംഘം കാത്തിരുന്നത്. വധഗൂഢാലോചന കേസിൽ മൊത്തം ആറ് പ്രതികളാണുള്ളത്. ഇതിൽ ആറാമത്തെ പ്രതിയായാണ് ശരത്തിനെ ചേർത്തത്. തുടർച്ചയായി രണ്ടാംദിവസമാണ് ശരത്തിനെ ചോദ്യം ചെയ്യുന്നത്.
നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ആലുവയിലെ പത്മസരോവരം വീട്ടിൽ വച്ചു ദിലീപും കൂട്ടാളികളും ഒരുമിച്ചിരുന്നു കണ്ടതിനു താൻ ദൃക്സാക്ഷിയാണെന്നായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിൻറെ മൊഴി. ദിലീപിൻറെ സുഹൃത്ത് ശരത്താണ് ദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോൺ വീട്ടിലെത്തിച്ചതെന്നും ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു.
രണ്ട് ദിവസങ്ങളിലായി ദിലീപിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കേസുമായി ബന്ധമുണ്ടെന്ന് കരുതുന്ന കൂടുതൽ ആളുകളെ അന്വേഷണ സംഘം ചോദ്യം ചെയ്യാനൊരുങ്ങുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിനെയും ഇന്ന് വീണ്ടും അന്വേഷണസംഘം വിളിച്ചുവരുത്തും. കേസിൽ ദിലീപിനെ രണ്ട് ദിവസങ്ങളിലായി 16 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇന്നലെ വധശ്രമ ഗുഡാലോചന കേസിൽ അന്വേഷണസംഘം ശരത്തിനെ ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ച കേസിൻറെ തുടരന്വേഷണത്തിൻറെ ഭാഗമായി ഇന്ന് വീണ്ടും ചോദ്യം ചെയ്യും.
ദിലീപുമായി സുഹൃത്ത് ബന്ധം മാത്രമാണെന്നാണ് ശരത്തിൻറെ മൊഴി. ബാലചന്ദ്രകുമാറിനെയും ശരത്തിനെയും ഒന്നിച്ചിരുത്തിയും അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ ബിസിനസ് പങ്കാളിയെ അടക്കം വരും ദിവസങ്ങളിൽ വിളിച്ച് വരുത്തിയേക്കും. ഇന്നലെ ദിലീപിനെയും ബാലചന്ദ്രകുമാറിനെയും മൂന്ന് മണിക്കൂറോളം ഒന്നിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. ആരോപണങ്ങളെല്ലാം ദിലീപ് നിഷേധിച്ചു. ബാലചന്ദ്രകുമാർ കൈമാറിയ തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് ദിലീപ് ആവർത്തിച്ചു. വധഗൂഢാലോചന കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്ന ദിലീപിൻറെ ഹരജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും.
അതിനിടെ വധ ഗൂഢാലോചന കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്ന ദിലീപിൻറെ ഹരജിയിൽ ഇന്നും വാദം തുടരും. ഇന്നലെ ദിലീപിൻറെ അഭിഭാഷകൻറെ വാദം പൂർത്തിയായിരുന്നില്ല. തുടർന്നാണ് ഇന്ന് ഉച്ചക്ക് 1.45 ന് ഹരജി വീണ്ടും പരിഗണിക്കാനായി മാറ്റിയത്. നടിയെ ആക്രമിച്ച കേസിലെ പിഴവുകൾ ഇല്ലാതാക്കാൻ പൊലീസ് കെട്ടിച്ചമച്ചതാണ് വധഗൂഢാലോചന കേസ് എന്നാണ് ദിലീപിൻറെ വാദം. കേസിലെ മുഴുവൻ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങൾക്ക് നേരത്തെ കൈമാറുകയാണെന്നും ദിലീപ് ആരോപിക്കുന്നു. എന്നാൽ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും, ഫോൺ രേഖകൾ അടക്കം നശിപ്പിക്കാൻ ദിലീപ് ശ്രമിച്ചതെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. തെളിവുകൾ നശിപ്പിച്ചു എന്ന വാദം ദിലീപ് നിഷേധിച്ചിട്ടുണ്ട്.