പത്തനംതിട്ടയിൽ അമ്മയെ കൊന്ന കേസിൽ പരോളിലിറങ്ങിയ പ്രതി അനുജനെ തലയ്ക്കടിച്ചു കൊന്നു
അമ്മയെ കൊലപ്പെടുത്തിയ കേസിൽ 17 വർഷമായി ജയിലിൽ കഴിയുകയായിരുന്ന മോഹനന് 20 ദിവസത്തെ പരോളിലാണ് വീട്ടിലെത്തിയത്
പത്തനംതിട്ട: അമ്മയെ കൊലപ്പെടുത്തിയ കേസിൽ പരോളിലിറങ്ങിയ പ്രതി അനുജനെ തലയ്ക്കടിച്ചു കൊന്നു. അടൂർ പന്നിവിഴയിൽ സതീഷ് കുമാറിനെ (58) ആണ് ജ്യേഷ്ഠൻ മോഹനൻ ഉണ്ണിത്താൻ( 67) ഉലക്കക്ക് അടിച്ചുകൊന്നത്. 2005 ൽ അമ്മ കമലകുഞ്ഞമ്മയെ കൊലപ്പെടുത്തിയ കേസിൽ 17 വർഷമായി ജയിലിൽ കഴിയുകയായിരുന്ന മോഹനൻ ഇക്കഴിഞ്ഞ 13 നാണ് പരോളിലിറങ്ങിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ് ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് മോഹനൻ ഉണ്ണിത്താൻ മദ്യപിച്ചു വീട്ടിലെത്തുന്നത്. മോഹനൻ ഉണ്ണിത്താൻ സ്ഥിരമായി മദ്യപിച്ച് വരുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം ഉലക്ക ഉപയോഗിച്ച് സതീഷ് കുമാറിന്റെ തലക്കടിക്കുകയായിരുന്നു. സതീഷ് കുമാർ ബൈപ്പാസ് സർജറി കഴിഞ്ഞ് വീട്ടിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്നു.
സംഭവം അറിഞ്ഞെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് സതീഷ് കുമാറിനെ അടൂർ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടിൽ നിന്ന് പോയ മോഹനൻ ഉണ്ണിത്താനെ പന്നിവിഴ വലിയ കുളത്തിന് സമീപത്തു നിന്നാണ് അടൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മദ്യത്തിന് അടിമയായ മോഹനൻ അമ്മയെ കൊലപ്പെടുത്തിയ കേസിൽ 17 വർഷമായി ജയിലിൽ കഴിയുകയായിരുന്നു. ജൂൺ 13 ന് 20 ദിവസത്തെ പരോൾ ലഭിച്ചതിനെ തുടർന്നാണ് വീട്ടിലെത്തിയത്. ഇരുവരും അവിവാഹിതരാണ്.