നരബലി; പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു
പത്മത്തിന്‍റെയും റോസ്ലിന്‍റെയും പോസ്റ്റമോർട്ടം നടപടികള്‍ ആരംഭിച്ചു
ഇലന്തൂർ നരബലിക്കേസിലെ മൂന്ന് പ്രതികളെയും കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാന്റ് ചെയ്തത്. അറസ്റ്റ് കുടുംബത്തെ അറിയിച്ചില്ലെന്നും സാക്ഷികളെ പൊലീസ് ഭീഷണിപ്പെടുത്താനുള്ള ശ്രമമാണെന്നും പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഡ്വ.ബി.എ ആളൂർ കോടതിയിൽ വ്യക്തമാക്കി. പൊലീസിനെതിരെ വകുപ്പു തല ആന്വേഷണം വേണം. 11.20 വരെയായിരുന്നു പ്രതികളുമായി തനിക്ക് സംസാരിക്കാൻ സമയം അനുവദിച്ചത് എന്നാൽ ഇതിനിടയി പൊലീസ് ഇടപെട്ടു എന്നും പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചു.
അതേസമയം കൊലപാതകത്തിനിരയായവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു. ആദ്യം നടത്തുന്നത് പത്മത്തിന്റെതാണെന്ന് സംശയിക്കുന്ന മൃതദേഹമാണെന്നാണ് വിവരം. ലോട്ടറി വിൽപനക്കാരായ എറണാകുളം കടവന്ത്രയിൽയിൽ താമസിക്കുന്ന തമിഴ്‌നാട് ധർമപുരി സ്വദേശി പത്മ(56) തൃശൂർ വടക്കാഞ്ചേരി സ്വദേശി റോസ്ലിൻ(49) എന്നിവരെയാണ് മന്ത്രവാദത്തിന്റെ ഭാഗമായി തലയറുത്തു കൊലപ്പെടുത്തിയത്.
ആറ് മാസം മുൻപ് ശ്രീദേവി എന്ന വ്യാജ എഫ്ബി പ്രൊഫൈൽ വഴി മുഹമ്മദ് ഷാഫി ഭഗവൽ സിംഗിനെ പരിചയപ്പെടുകയും അഭിവൃദ്ധിക്കും സാമ്പത്തിക നേട്ടത്തിനും നരബലിയാണ് പരിഹാരമെന്ന് ഇവരെ വിശ്വസിപ്പിക്കുകയും ചെയ്തു. അതിനായാണ് പത്മത്തിനെയും റോസ്ലിനെയും കണ്ടെത്തി ഇലന്തൂരിൽ എത്തിച്ചതും ക്രൂരമായ കൊലപാതകം നടത്തിയതും.
ഭഗവൽ സിംഗും ഭാര്യ ലൈലയും ഷാഫിയോടൊപ്പം അറസ്റ്റിലായെങ്കിലും കേസിൽ ഇനിയും പ്രതികളുണ്ടാകാം എന്ന നിഗമനത്തിലാണ് പൊലീസ്. പത്തനംതിട്ടയിലെ തെളിവെടുപ്പിന് ശേഷം ഇന്നലെ രാത്രിയാണ് തിരുവല്ലയിൽ നിന്ന് പ്രതികളെ കൊച്ചിയിൽ എത്തിച്ചത്. ഷാഫിക്ക് ലൈംഗികവൈകൃതമുണ്ടെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നുമാണ് പൊലീസ് നിഗമനം. കൊല്ലപ്പെട്ട പത്മത്തിന്റെ സ്വകാര്യ ഭാഗത്ത് ഷാഫി കത്തി കുത്തിയിറക്കിയിരുന്നു എന്നും കോലഞ്ചേരിയിലെ പീഡനത്തിന് ഇരയായ വൃദ്ധക്കും അതിക്രമം നേരിടേണ്ടി വന്നെന്നും പൊലീസ് പറഞ്ഞു.