സദാചാര ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: പ്രതികളുടെ അറസ്റ്റ് വൈകുന്നു
എട്ടുപേർ ചേർന്ന് ക്രൂരമായി മർദിച്ച സഹർ ഇന്നലെയാണ് മരിച്ചത്
തൃശൂർ: ചേർപ്പ് തിരുവാണിക്കുളത്ത് സദാചാര ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് വൈകുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ വഴി മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞെങ്കിലും ഇവരെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. എട്ടുപേർ ചേർന്ന് ക്രൂരമായി മർദിച്ച ബസ് ഡ്രൈവറായ സഹർ(32) ഇന്നലെയാണ് മരിച്ചത്. സംഭവം നടന്ന് 18 ദിവസമാകുമ്പോഴും പ്രതികൾ എവിടെയാണെന്ന സൂചന പോലും പൊലീസിനില്ല. ഇതിനിടയിൽ പ്രതികളിൽ ഒരാളായ രാഹുൽ വിദേശത്തേക്ക് കടന്നു. പ്രതികൾക്ക് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇന്ന് പുറപ്പെടുവിക്കും. മരിച്ച സഹറിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും.
തൃശൂർ, തൃപ്രയാർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു ചേർപ്പ് സ്വദേശിയായ സഹർ. കഴിഞ്ഞ 18ന് അർധരാത്രിയിലായിരുന്നു ആക്രമണം. തൃശൂർ ജൂബിലി മിഷൻ ആശുപ്രതിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. യുവാവിന്റെ ആന്തരികാവയവങ്ങൾക്കെല്ലാം തന്നെ പരിക്കേറ്റ അവസ്ഥയിലാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ ഉച്ചയോടുകൂടിയാണ് സഹർ മരിക്കുന്നത്. പ്രതികളിൽ ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്നത് വലിയ തോതിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
The arrest of the accused is delayed in the case of the death of a youth in an immoral attack in Thrissur