ഏകീകൃത കുർബാന; പ്രശ്നപരിഹാരത്തിനായി ചര്‍ച്ചക്കൊരുങ്ങി മെത്രാന്‍ സമിതി
ഇന്ന് ഉച്ചയ്ക്ക് ശേഷം ഒരു വിഭാഗം വൈദികരും അൽമായ പ്രതിനിധികളുമായും മെത്രാൻ സമിതി ചർച്ച നടത്തും
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാന വിഷയത്തില്‍ പ്രശ്നപരിഹാരത്തിനായി ചര്‍ച്ചക്കൊരുങ്ങി മെത്രാന്‍ സമിതി. ഇന്ന് ഉച്ചയ്ക്ക് ശേഷം ഒരു വിഭാഗം വൈദികരും അൽമായ പ്രതിനിധികളുമായും മെത്രാൻ സമിതി ചർച്ച നടത്തും.
ഇതാദ്യമായാണ് ജനാഭിമുഖ കുര്‍ബാന ആവശ്യപ്പെടുന്ന വിഭാഗവുമായി മെത്രാന്‍ സമിതി ചര്‍ച്ച നടത്തുന്നത്. നിരന്തര പ്രതിഷേധങ്ങള്‍ക്കും നിവേദനങ്ങള്‍ക്കുമൊടുവിലാണ് ചര്‍ച്ചക്കായി സിനഡ് സമിതിയെ ചുമതലപ്പെടുത്തിയത്. ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടിന്‍റെ നേതൃത്വത്തിലാണ് ചർച്ച.
ജനാഭിമുഖ കുർബാന നിർത്തലാക്കി ഒരു വർഷം തികയുമ്പോൾ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വിഭാഗം.ഈ മാസം 27നുള്ളിൽ ആവശ്യം അംഗീകരിച്ച് അഡ്മിനിസ്‌ട്രേറ്ററായ മാർ ആൻഡ്രൂസ് താഴത്ത് മറുപടി നൽകിയില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് തീരുമാനം. സമരത്തിന് പിന്തുണ തേടി പള്ളികളിൽ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം നവംബർ 28നാണ് ജനാഭിമുഖ കുർബാനയ്ക്കു പകരം പരിഷ്‌കരിച്ച കുർബാന നടപ്പിലാക്കാൻ സിനഡ് നിർദേശം നൽകിയത്. മാർപ്പാപ്പയുടെ നിർദേശ പ്രകാരമാണ് ഇതെന്നായിരുന്നു സിറോ മലബാർ സഭയുടെ വാദം. എന്നാൽ, പരിഷ്‌കരിച്ച കുർബാന അംഗീകരിക്കാൻ കഴിയില്ലെന്നാണ് തുടക്കം മുതലുള്ള വിമത വിഭാഗത്തിന്‍റെ നിലപാട്.