ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതിഥിതൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു

കവുങ്ങിന് പട്ടകൊണ്ട് പൊതിഞ്ഞ് തെങ്ങിന്‍ തൈ നട്ട നിലയിലായിരുന്നു മൃതദേഹം മറവു ചെയ്ത സ്ഥലം.

Update: 2022-02-07 03:22 GMT
Advertising

കാസര്‍കോട് ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതിഥിത്തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു. മഞ്ചേശ്വരം ഫാം ഹൗസിനോട് ചേര്‍ന്ന കവുങ്ങിന്‍ തോട്ടത്തില്‍ മറവു ചെയ്ത മൃതദേഹമാണ് പുറത്തെടുത്തത്. കാസര്‍കോട് ആര്‍.ഡി.ഒ യുടെ അനുമതിയോടെയായിരുന്നു പരിശോധന. .

മഞ്ചേശ്വരം തഹസില്‍ദാര്‍ പി.ജെ ആന്‍റോയുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിൽ എത്തിച്ച് പരിശോധന പൂര്‍ത്തിയാക്കി. ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജാര്‍ഖണ്ഡ് സ്വദേശി ശിവചന്ദിന്‍റെ (ശിവജ് 35) മൃതദേഹമാണ് കനിയാല സുതംബള തോട്ടിന് കരയില്‍ മറവു ചെയ്തത്. കവുങ്ങിന് പട്ടകൊണ്ട് പൊതിഞ്ഞ് തെങ്ങിന്‍ തൈ നട്ട നിലയിലായിരുന്നു മൃതദേഹം മറവു ചെയ്ത സ്ഥലം.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും കാസര്‍കോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട് ഇന്നു ലഭിക്കും. ഇതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് പൊലീസിൻ്റെ തീരുമാനം. ദുരൂഹ സാഹചര്യത്തില്‍ മരിച്ചയാളുടെ മൃതദേഹം നടപടികള്‍ പാലിക്കാതെ മറവു ചെയ്തതുമായി ബന്ധപ്പെട്ട് സ്ഥലത്തിന്‍റെ മേല്‍നോട്ടക്കാരന്‍ ഉള്‍പ്പെടെ അഞ്ച് പേരെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. കഴിഞ്ഞ ഡിസംബര്‍ 25നു രാവിലെയാണ് ശിവചന്ദ് മരിച്ചതെന്നാണ് മൊഴി.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News