ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവി: രാജി ചോദിച്ച് ആരും വരേണ്ടെന്ന് മുഖ്യമന്ത്രി
‘ബി.ജെ.പി എങ്ങനെ ജയിച്ചുവെന്നത് ഗൗരവമായി കാണണം’
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പേരിൽ രാജിവെക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്നോട് രാജി ചോദിച്ച് ആരും വരേണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. മുഖ്യമന്ത്രി രാജിവെക്കണം എന്ന ഉപദേശം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നൽകിക്കൂടെ എന്നും അദ്ദേഹം ചോദിച്ചു.
എ.കെ. ആൻ്റണി മുഖ്യമന്ത്രിപദം രാജിവച്ചത് സീറ്റ് കുറഞ്ഞത് കൊണ്ടല്ല. കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ മൂലമായിരുന്നു രാജി. ബി.ജെ.പി ഉണ്ടാക്കിയ ഭീതിജനകമായ അന്തരീക്ഷത്തിൽ ഇനി ഇവിടെ ജീവിക്കാൻ കഴിയില്ലെന്ന് ജനങ്ങൾ ചിന്തിച്ചു. മോദി എങ്ങനേയും ഒഴിയണമെന്ന് അവർ ആഗ്രഹിച്ചു.
അവർക്ക് ഇടതുപക്ഷത്തോടെ വിരോധമില്ല. ബി.ജെ.പിയെയും മോദിയേയും പരാജയപ്പെടുത്താൻ കോൺഗ്രസ് അടക്കമുള്ള സംവിധാനമാണ് രാജ്യത്തുള്ളത് എന്ന ചിന്തയാണ് ഉണ്ടായത്. 2019ലും ഇതേ ചിന്തയാണ് ജനങ്ങൾക്കുണ്ടായത്.
കോൺഗ്രസ് ജയിച്ചതിൽ ഞങ്ങൾക്ക് വലിയ വേവലാതിയില്ല. ബി.ജെ.പി എങ്ങനെ ജയിച്ചു എന്നത് ഗൗരവമായി കാണണം. മഹാവിജയം നേടിയ നിങ്ങൾക്ക് എങ്ങനെ വോട്ട് കുറഞ്ഞുവെന്ന് നിങ്ങൾ പരിശോധിക്കണം. താൻ പറയുന്നത് കേൾക്കുന്നതിൽ പ്രതിപക്ഷത്തിന് അസ്വസ്ഥത വേണ്ട.
എന്തുകൊണ്ട് തൃശൂരിൽ ഇങ്ങനെ സംഭവിച്ചെന്ന് പരിശോധിക്കണം. ശശി തരൂരിന്റെ വിജയവും സുരേഷ് ഗോപിയുടെ വിജയവും ഒരുപോലെ അല്ല കാണേണ്ടത്. മറ്റിടങ്ങളിൽ യു.ഡി.എഫിനൊപ്പം നിന്ന ചില മേധാവികളെ തൃശൂരിൽ ബി.ജെ.പി ഒപ്പം നിർത്തി. ഈ പരാജയം ആത്യന്തിക പരാജയമായി കാണുന്നില്ല. ജനങ്ങൾക്കൊപ്പം ഞങ്ങൾ ഉണ്ടാകും.
വിജയത്തിൽ വല്ലാതെ പ്രതിപക്ഷം അഹങ്കരിക്കരുത്. അത് ഗുണം ചെയ്യില്ല. വിജയത്തിന്റെ മത്ത് ലീഗിനെ ബാധിച്ചിരക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.