ഇന്ത്യയിൽ ആകെയുള്ള ഇടതുപക്ഷ സർക്കാരിനെ ശ്വാസമുട്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി
സംസ്ഥാന സർക്കാറിന്റെ വികസന പ്രവർത്തനങ്ങളും ഭാവി പദ്ധതികളും ജനങ്ങളിലേക്കെത്തിക്കാൻ സംഘടിപ്പിക്കുന്ന നവകേരള സദസ്സിന് കാസർകോട് തുടക്കമായി
കാസർകോട്: സംസ്ഥാന സർക്കാറിന്റെ വികസന പ്രവർത്തനങ്ങളും ഭാവി പദ്ധതികളും ജനങ്ങളിലേക്കെത്തിക്കാൻ സംഘടിപ്പിക്കുന്ന നവകേരള സദസ്സിന് തുടക്കം. സംസ്ഥാന തല ഉദ്ഘാടനം കാസർകോട് മഞ്ചേശ്വരം മണ്ഡലത്തിൽ മുഖ്യമന്ത്രിപിണറായിവിജയൻ നിർവഹിച്ചു. സംസ്ഥാനസർക്കാറിന്റെ നേട്ടങ്ങളെകുറിച്ചും തുടർപദ്ധതികളും മുഖ്യമന്ത്രി വിശദീകരിച്ചു. രാജ്യമാകെ നടപ്പാക്കുന്ന സാമ്പത്തിക നയത്തിന് ബദലാണ് കേരളത്തിൽ നടപ്പാക്കാൻ ശ്രമിച്ചത്. രാജ്യവ്യാപകമായി നിമന നിരോധനം നടക്കുമ്പോൾ കേരളത്തിൽ മറ്റൊരിടത്തുമില്ലാത്ത വിധം നിയമനം നടക്കുകയാണ്. ക്ഷേമപെൻഷനും മറ്റും മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നല്ല രീതിയിൽ തുടരുകയാണ്. അതേസമയം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള നടപടികളാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇന്ത്യയിൽ ആകെയുള്ള ഇടതുപക്ഷ സർക്കാരിനെ ശ്വാസമുട്ടിക്കാനാണ് ശ്രമിക്കുന്നത്.
സംസ്ഥാനത്തിന് ലഭിക്കേണ്ട തുകയിൽ 18,000 കോടിയുടെ കുറവാണ് കേന്ദ്രം വരുത്തിയത്. ജി.എസ്.ടി നഷ്ടപരിഹാരം നിർത്തിവെച്ചതിലൂടെ 12000 കോടിയോളം കുറവുണ്ടായിട്ടുണ്ട്. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ കേന്ദ്രവിഹിതം 54 കോടി രൂപ കിട്ടാനുണ്ട്. ഹെൽത്ത് ഗ്രാന്റ് ഇനത്തിൽ 137 രുപയും കിട്ടാനുണ്ട്. ദുരിതാശ്വസ നിധിയിൽ നിന്ന് യു.ഡി.എഫ് കാലത്ത് 808 കോടി നൽകിയപ്പോൾ എഴരവർഷത്തിനിടെ എൽ.ഡി.എഫ് സർക്കാർ 7600 കോടി രൂപയാണ് നൽകിയത്. കെ.എസ്.ആർ.ടി.സിക്ക് യു.ഡി.എഫ് 1541 കോടി നൽകിയപ്പോൾ എൽ.ഡി.എഫ് 9700 കോടി രൂപ നൽകി. എഴുവർഷത്തിനിടെ മൂന്നു ലക്ഷം പട്ടയവും 2,22000 പി.എസ്.സി നിയമനവും നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് മത നിരപേകഷത വെല്ലുവിളിക്കപ്പെടുന്ന അവസ്ഥതയാണുള്ളത്. മതനിരപേക്ഷ രാഷ്ട്രത്തെ മതാധിഷ്ഠിത രാഷ് ട്രമാക്കാനുള്ള നീക്കമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഒരു ഭാഷ ഒരു മതം ഒരു നികുതി ഒരു തെരഞ്ഞെടുപ്പ് എന്നിങ്ങനെ ഒരു ഒരു എന്ന മുദ്രാവാക്യമുയർത്തുകയാണ്. ഇത് രാജ്യം നേരിടുന്ന യഥാർത്ഥ പ്രശ്‌നത്തെ മറിച്ചു വെക്കാനുള്ള ശ്രമമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ട്ടിണി സൂചികയിൽ 107-ാം സ്ഥാനത്താണ് രാജ്യമുള്ളത്. ആഗോള വൽക്കരണ നയം സ്വീകരിച്ച് സമ്പന്നരെ അതിസമ്പന്നരും ദരിദ്രരെ അതിദാരിദ്രത്തിലേക്ക് തള്ളിവിടുകയാണ് കേന്ദ്ര സർക്കാർ. മാനവ വികസന സൂചികയിൽ 132-ാം സ്ഥാനത്തും സാമ്പത്തിക അസമത്വ സൂചികയിൽ 123-ാം സ്ഥാനത്തുമാണ് രാജ്യം.
പ്രതിസന്ധകളിൽ വീണുപോയില്ലെന്നും വലിയ തോതിൽ വളരുകയാണ് ചെയ്തതെന്ന് കാണാൻ സാധിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി. സംസ്ഥാനത്തിന്റെ ആകെ കടം വാർഷിക വരുമാനത്തിന്റെ 35 ശതമാനം മാത്രമാണ്. വരുന്ന 25 വർഷം കൊണ്ട് ലോകത്തെ വികസിത രാഷ്ട്രങ്ങളുടെ ജീവിത നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും നവകേരള സൃഷ്ടിക്ക് എല്ലാവരുടെയും പിന്തുണ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.