ഇടമലക്കുടിയിലെ കുട്ടികള്‍ ഇന്നലെ സ്കൂളിലെത്തി
സംസ്ഥാനത്ത് ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത പഞ്ചായത്ത് ആണ് ഇടമലക്കുടി
എല്ലാവരും ഓൺലൈൻ പഠനം തുടരുമ്പോൾ ഇടുക്കി ഇടമലക്കുടിയിലെ കുട്ടികൾ റെഗുലർ ക്ലാസ്സിൽ പങ്കെടുക്കുകയാണ്. കോവിഡ് മുക്തമായ പഞ്ചായത്തിലെ ഏക സ്കൂൾ ഇന്നലെ തുറന്നു.
സംസ്ഥാനത്ത് ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത പഞ്ചായത്ത് എന്ന ഖ്യാതി നേടിയ ഇടമലക്കുടി, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത ഇടം എന്ന അപഖ്യാതിയും നേടിയിരുന്നു. രണ്ടും കൂടി ചേർത്ത് വായിച്ച വിദ്യാഭ്യാസ വകുപ്പ് പഞ്ചായത്തിലെ കുട്ടികൾക്ക് നൽകിയത് മധുരമേറിയ സമ്മാനം.
ഇടമലക്കുടി ട്രൈബൽ സ്കൂൾ റെഗുലർ ക്ലാസ്സുകൾക്കായി തുറന്നു. ഗ്രാമപ്പഞ്ചായത്ത് മെമ്പർ സെൽവരാജ്, അധ്യാപകരായ ചന്ദ്രവർണ്ണൻ, വ്യാസ്, സുധീഷ് ,ഷിം ലാൽ എന്നിവർ ചേർന്ന് കുട്ടികളെ സ്വീകരിച്ചു.
വിദ്യാർഥികൾക്ക് ആർക്കും കോവിഡ് ഇല്ല. അധ്യാപകർ എല്ലാം രണ്ടു ഡോസ് വാക്‌സിൻ എടുത്തിട്ടുണ്ട്. പഞ്ചായത്തിലേക്ക് പുറമെ നിന്നുള്ളവർക്ക് പ്രവേശനം ഇല്ലാത്തതിനാൽ കോവിഡ് ഭീതി ഇല്ലാതെ തന്നെ റെഗുലർ ക്ലാസ് നടത്തണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.
ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിലായി108 കുട്ടികളാണ് സ്കൂളിൽ ഉള്ളത്. ആഴ്ചയിൽ ഓരോ ദിവസവും ഓരോ ക്ലാസ്സുകാർക്ക് ആണ് പഠനം ക്രമീകരിച്ചിരിക്കുന്നത്.