ലോകായുക്ത വാർത്താക്കുറിപ്പ് ഇറക്കിയത് കുറ്റബോധം കൊണ്ടെന്ന് പരാതിക്കാരൻ
വാർത്താകുറിപ്പ് ഇറക്കുന്നത് ചരിത്രത്തിൽ ആദ്യമാണെന്നും ആർ.എസ് ശശികുമാർ പ്രതികരിച്ചു.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന കേസിൽ ലോകായുക്ത വാർത്താക്കുറിപ്പ് ഇറക്കിയത് കുറ്റബോധം കൊണ്ടെന്ന് പരാതിക്കാരൻ ആർ.എസ് ശശികുമാർ. വിധിന്യായത്തിലൂടെയാവണം ന്യായാധിപൻമാർ സംവദിക്കേണ്ടത്.
വാർത്താകുറിപ്പ് ഇറക്കുന്നത് ചരിത്രത്തിൽ ആദ്യമാണെന്നും ആർ.എസ് ശശികുമാർ മീഡിയവണിനോട് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കേസിലെ വിധിയും അദ്ദേഹത്തിന്റെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തതുമായും ബന്ധപ്പെട്ടാണ് ലോകായുക്ത അസാധാരണ നടപടിയുമായി രംഗത്തെത്തിയത്.
വിധിയുമായും ഇഫ്താറുമായും ബന്ധപ്പെട്ട് കാര്യങ്ങൾ വിശദീകരിക്കാനായി ഒരു വാർത്താക്കുറിപ്പ് തന്നെ ഇറക്കുകയാണ് ലോകായുക്ത ചെയ്തത്. ആദ്യമായാണ് ലോകായുക്ത ഇത്തരമൊരു നടപടിയിലേക്ക് കടക്കുന്നത്.
ലോകായുക്തയും ഉപലോകായുക്തയുമാണ് ഇഫ്താറിൽ പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദം അടിസ്ഥാനരഹിതമാണെന്ന് ലോകായുക്ത വാർത്താക്കുറിപ്പിൽ പറയുന്നു. പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് ലോകായുക്തയുടെ വിശദീകരണം.
മാത്രമല്ല, കേസ് പരിഗണിക്കുന്ന സമയം പരാതിക്കാരനെ പേപ്പട്ടി എന്ന് വിളിച്ചു എന്നുള്ള കുപ്രചരണം ഉണ്ടായിരുന്നെന്നും അത് പരാതിക്കാരനെ വിളിച്ചതല്ല, ആശയം വിശദമാക്കാൻ പറഞ്ഞ ഒരു ഉദാഹരണം മാത്രമാണെന്നുമാണ് ലോകായുക്തയുടെ വിശദീകരണം.