13-കാരനെ പീഡിപ്പിച്ച ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.കെ.ഗിരീഷ് കുറ്റക്കാരെനെന്ന് കോടതി
മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഗിരീഷിനെ മുമ്പ് ആറ് വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസിൽ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
തിരുവനന്തപുരം: മാനസിക പ്രശ്‌നങ്ങൾക്ക് കൗൺസിലിങ്ങിന് എത്തിയ 13-കാരനെ പല തവണ പീഡിപ്പിച്ച കേസിൽ പ്രതിയായ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.കെ.ഗിരിഷ് (59) കുറ്റക്കാരനെന്ന് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ആജ് സുദർശൻ കണ്ടെത്തി. വ്യാഴാഴ്ച്ച ശിക്ഷ വിധിക്കും. മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇതേ കോടതി തന്നെ ഒരു വർഷം മുമ്പ് പ്രതിയെ ആറ് വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസിൽ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ആരോഗ്യവകുപ്പിൽ അസിസ്റ്റൻറ് പ്രൊഫസറായിരുന്ന പ്രതി മണക്കാട് കുര്യാത്തിയിൽ തന്റെ വീടിനോട് ചേർന്ന് നടത്തിയിരുന്ന ക്ലിനിക്കിൽവെച്ചാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പ്രോസിക്യൂഷൻ കേസ്. 2015 ഡിസംബർ ആറ് മുതൽ 2017 ഫെബ്രുവരി 21 വരെയുള്ള കാലയളവിൽ കൗൺസിലിങ്ങിനായി എത്തിയപ്പോഴാണ് പീഡിപ്പിച്ചത്. നിരന്തരമായ പീഡനത്തിൽ കുട്ടിയുടെ മാനസികരോഗം കൂടുതൽ വഷളായി. തുടർന്ന് പ്രതി മറ്റ് ഡോക്ടർമാരെ കാണിക്കാൻ പറഞ്ഞു. പീഡനം പുറത്ത് പറയരുതെന്നും ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടി ഭയന്ന് പുറത്ത് പറഞ്ഞില്ല.
വീട്ടുകാർ മറ്റു പല മനോരോഗ വിദഗ്ധരെയും കാണിച്ചെങ്കിലും രോഗം കുറയാത്തതിനാൽ 2019 - ൽ കുട്ടി മെഡിക്കൽ കോളജ് ആശുപത്രി സൈക്കാട്രി വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തു. 2019 ജനുവരി 30-ന് ഡോക്ടർമാർ കേസ് ഹിസ്റ്ററി എടുക്കുമ്പോഴാണ് കുട്ടി രണ്ട് വർഷം മുമ്പ് പ്രതി തന്നെ പീഡിപ്പിച്ച വിവരം വെളിപ്പെടുത്തിയത്. പ്രതി കുട്ടിക്ക് ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ച് കൊടുക്കുമായിരുന്നു എന്നും പറഞ്ഞു.
മെഡിക്കൽ കോളജ് അധികൃതർ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഫോർട്ട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആദ്യം എടുത്ത കേസിൽ ജാമ്യത്തിൽ നിൽക്കവെയാണ് ഈ കേസിൽ അറസ്റ്റ് ചെയ്തത്.