സിപിഎം സംസ്ഥാനകമ്മിറ്റി യോഗം ഇന്നാരംഭിക്കും
ലോക് സഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും യോഗത്തിന്‍റെ പ്രധാന അജണ്ടയാകും
തിരുവന്തപുരം: രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന സിപിഎം സംസ്ഥാനകമ്മിറ്റി യോഗം ഇന്നാരംഭിക്കും. ബഫര്‍ സോണ്‍ വിഷയം, ട്രേഡ് യൂണിയന്‍ രേഖ, ഗവര്‍ണര്‍ - സര്‍ക്കാര്‍ പോര് തുടങ്ങിയവയായിരിക്കും യോഗത്തില്‍ ചര്‍ച്ചയാകുക. ലോക് സഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും യോഗത്തിന്‍റെ പ്രധാന അജണ്ടയാകും. സംസ്ഥാന സമ്മേളനം അംഗീകരിച്ച നവകേരള രേഖയിലെ നിർദേശങ്ങൾക്ക് അനുസൃതമായി വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനാണ് ട്രേഡ് യൂണിയന്‍ രേഖ പുതുക്കുന്നത്.
ട്രേഡ് യൂണിയൻ രംഗത്തെ തെറ്റായ പ്രവണതകൾക്കെതിരെ സിപിഎമ്മിന്‍റെ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ നേരത്തെ വിമര്‍ശനം ഉയർന്നിരുന്നു. ഇടത് മുന്നണി ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്ന നവകേരള രേഖയിലെ നിർദേശങ്ങൾക്ക് അനുസൃതമായി വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ പാർട്ടിയുടെ ട്രേഡ് യൂണിയൻ രേഖ പുതുക്കാനാണ് പാര്‍ട്ടി ആലോചന. തൊഴിൽരംഗത്തു തെറ്റെന്ന് എല്ലാവർക്കും ബോധ്യമുള്ള കാര്യങ്ങൾ തിരുത്തണമെന്ന കാഴ്ചപ്പാടാകും സിപിഎം മുന്നോട്ട് വയ്ക്കുന്നത്. സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തേണ്ടത് തൊഴിലാളികളുടെ കൂടി കടമയാണെന്ന നിലപാടിലേക്കാണ് പാര്‍ട്ടി എത്തിച്ചേരുന്നത്. ബഫര്‍ സോണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉണ്ടാകുന്ന സാഹചര്യങ്ങളും സംസ്ഥാനകമ്മിറ്റി വിലയിരുത്തും. ഈ വിഷയത്തില്‍ ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പ്രചരണപരിപാടികള്‍ ആരംഭിക്കുന്നതും പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്. ഗവര്‍ണര്‍ സര്‍ക്കാര്‍ പോര്, തിരുവനന്തപുരം കോര്‍പ്പറേഷന്‍ കത്ത് വിവാദം തുടങ്ങിയ രാഷ്ട്രീയ വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാടും പ്രവര്‍ത്തന നേട്ടങ്ങളും വിശദീകരിച്ച് ഭവന സന്ദര്‍ശനം അടക്കമുള്ള കാര്യങ്ങളും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. സാംസ്കാരിക മേഖലയില്‍ കൂടുതല്‍ ഇടപെടുന്നതിനുള്ള നിര്‍ദ്ദേശങ്ങളും യോഗത്തില്‍ ഉണ്ടാകും.