പ്രകൃതി സംരക്ഷണ പോരാട്ടങ്ങളിൽ സി.പി.എമ്മുമുണ്ടായിരുന്നു, അവരിപ്പോൾ കെ റെയിലിനെ പിന്തുണക്കുന്നു; മേധാ പട്കർ
സമരത്തിൽ പ്രതിഷേധിച്ച വനിതകൾ ഉൾപ്പെടെയുള്ളവർക്ക് അവർ അഭിനന്ദനമർപിച്ചു
സംസ്ഥാനത്ത് കെ റെയിൽ വന്നാൽ വലിയ നാശനഷ്ടമാണ് ഉണ്ടാവാൻ പോവുന്നതെന്ന് പരിസ്ഥിതി പ്രവർത്തക മേധാ പട്കർ. സെക്രട്ടേറിയറ്റിൽ നടക്കുന്ന കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ പ്രതിഷേധ മഹാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. പ്രകൃതി സംരക്ഷണ പോരാട്ടങ്ങളിൽ സി.പി.എമ്മുമുണ്ടായിരുന്നു. അവരിപ്പോൾ കെ റെയിലിനെ പിന്തുണക്കുന്നു. കല്ലിടൽ സർവേയും പൊലീസ് അക്രമവും ഞെട്ടിപ്പിച്ചെന്നും മേധാ പട്കർ പറഞ്ഞു.
വീടും, കൃഷിയിടവും, ജലാശയങ്ങളും നഷ്ടപ്പെടും. സംസ്ഥാനത്തെ പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കണം. വിനാശം വേണ്ട. പ്രകൃതിയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് നാം. സമരത്തിൽ പ്രതിഷേധിച്ച വനിതകൾ ഉൾപ്പെടെയുള്ളവർക്ക് അവർ അഭിനന്ദനമർപിച്ചു. ഇന്നിപ്പോൾ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തുകയാണ്. അപ്പോഴാണ് കേരള എംപിമാർക്ക് മർദനമേൽക്കുന്നത്. ജനകീയ സമരത്തെ പറ്റി മുഖ്യമന്ത്രിക്ക് മൗനം പാലിക്കുകയാണെന്നും മേധാ പട്കർ ആരോപിച്ചു.
കോഴിക്കോട് ടി. സിദ്ധീഖ് എം.എൽ.എയാണ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തത്. കേരളത്തിലെവിടെയും കെ-റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാരിനെ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ കലക്ട്രേറ്റുകളിലേക്ക് സമാനമായ രീതിയിൽ പ്രതിഷേധവുമായി മുന്നോട്ടു പോകാൻ തന്നെയാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രതിഷേധമാണ് കെ-റെയിലിനെതിരെ നടക്കുന്നത്. തൃശൂർ ജില്ലയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലക്ട്രേറ്റ് ഉപരോധിച്ചു. ഉപരോധത്തിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പാലക്കാടും സമാനമായ പ്രതിഷേധം നടന്നു
കോഴിക്കോട് കലക്ട്രേറ്റിലേക്ക് കയറാൻ സാധിക്കാൻ കഴിയാതെ പ്രവർത്തകർ ബാരിക്കേഡിനിപ്പുറത്ത് കെ റെയിൽ കുറ്റി സ്ഥാപിക്കുകയായിരുന്നു. രണ്ടു തവണയാണ് പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. പക്ഷെ പ്രവർത്തകർ പിരിഞ്ഞു പോകാൻ തയ്യാറായിരുന്നില്ല. ഇതിനെ തുടർന്ന് പൊലീസ് രണ്ടു തവണ പ്രവർത്തകർക്കെതിരെ ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു.