ബഫർ സോണിൽ പരാതികൾ നൽകാനുള്ള സമയം ഇന്നവസാനിക്കും; ഹെൽപ് ഡെസ്കുകൾ വഴി പരാതിപ്പെട്ടത് അരലക്ഷത്തിലധികം പേർ
ഫീല്‍ഡ് സര്‍വേ പുരോഗമിക്കുന്നുണ്ടെങ്കിലും പുതുതായി കണ്ടെത്തുന്ന നിർമിതികളുടെ പൂര്‍ണ വിവരങ്ങള്‍ അപ് ലോഡ് ചെയ്യാനായിട്ടില്ല
തിരുവനന്തപുരം: ബഫര്‍ സോണ്‍ സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ഇതിനകം അരലക്ഷത്തിലധികം പരാതികള്‍ ഹെല്‍പ് ഡെസ്കുകള്‍ മുഖേനെ ലഭിച്ചു. ഫീല്‍ഡ് സര്‍വേ പുരോഗമിക്കുന്നുണ്ടെങ്കിലും പുതുതായി കണ്ടെത്തുന്ന നിർമിതികളുടെ പൂര്‍ണ വിവരങ്ങള്‍ അപ് ലോഡ് ചെയ്യാനായിട്ടില്ല. അതിനിടെ ഭരണ - പ്രതിപക്ഷ വാക് പോരും രൂക്ഷമായി.
ബഫര്‍ സോണ്‍ സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കും. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ഹെല്‍പ് ഡെസ്കുകളിലായി 54607 പരാതികള്‍ ലഭിച്ചു. ഇതില്‍ 17054 പരാതികള്‍ പരിഹരിച്ചു. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് പീച്ചി വൈല്‍ഡ് ലൈഫിന് കീഴിലാണ്. ഇവിടെ 12445 പരാതികള്‍ ഇതുവരെ കിട്ടി.
ബഫര്‍ സോണിലുള്ള നിര്‍മിതികള്‍ കണ്ടെത്താനുള്ള ഫീല്‍ഡ് സര്‍വേ തുടരുകയാണ്. . കേരള സ്റ്റേറ്റ് റിമോര്‍ട്ട് സെന്‍സിങ് ആന്റ് എന്‍വയോണ്‍മെന്‍റ് സെന്‍ററിന്‍റെ അസറ്റ് മാപ്പര്‍ ഉപയോഗിച്ച് ഇതുവരെ പുതുതായി കണ്ടെത്തിയ നിര്‍മിതികളില്‍ അപ് ലോഡ് ചെയ്തിരിക്കുന്നത് 18496 എണ്ണമാണ്. സെര്‍വര്‍ തകരാറു മൂലം കണ്ടെത്തിയ നിര്‍മിതികളില്‍ പലതും ചേര്‍ക്കാനായിട്ടില്ല. ഇന്നലെ ഉച്ചയോടെ തകരാര്‍ പരിഹരിച്ചിട്ടുണ്ട്. അതിനാല്‍ വരും ദിവസങ്ങളില്‍ പുതുതായി ബഫര്‍ സോണില്‍ കണ്ടെത്തുന്ന നിര്‍മിതികളുടെ എണ്ണം കൂടും. അതിനിടെ നിലവിലെ പ്രതിസന്ധിയുടെ ഉത്തരവാദിത്തം പൂര്‍ണമായും വനം മന്ത്രിക്കാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
എന്നാല്‍ പ്രതിപക്ഷ നേതാവ് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണെന്ന് കുറ്റപ്പെടുത്തി വനം മന്ത്രി എ.കെ ശശീന്ദ്രന്‍ മറുപടിയുമായെത്തി. ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുമ്പോഴും ഫീല്‍ഡ് സര്‍വേ എന്ന് പൂര്‍ത്തിയാകുമെന്ന് സര്‍ക്കാരിനും ഉറപ്പില്ല.