ഹോട്ടൽ ഉടമയുടെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷയിൽ തീരുമാനം നാളെ
ഒരു തവണ കസ്റ്റഡിയിൽ നൽകിയതിനാൽ വീണ്ടും അതേ ആവശ്യം ഉന്നയിക്കാനാവില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
കോഴിക്കോട്: ഹോട്ടൽ ഉടമയുടെ കൊലപാതകത്തിൽ പ്രതികളുടെ കസ്റ്റഡി അപേക്ഷയിൽ തീരുമാനം നാളെ. നടക്കാവ് പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കൊലപാതകം നടന്നത് നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടേക്ക് മാറ്റിയിരുന്നു. ഇതോടെയാണ് അഞ്ച് ദിവസം വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ ഇതിനെ എതിർത്ത് രംഗത്തെത്തിയിരിക്കുകയാണ് പ്രതിഭാഗം.
ഇത് നിയമവിരുദ്ധവും സുപ്രിംകോടതി നിർദേശങ്ങൾക്ക് വിരുദ്ധവുമാണ് എന്നാണ് പ്രതിഭാഗത്തിന്റെ വാദം. ഒരു തവണ കസ്റ്റഡിയിൽ നൽകിയതിനാൽ വീണ്ടും അതേ ആവശ്യം ഉന്നയിക്കാനാവില്ലെന്നും പ്രതിഭാഗം വാദിച്ചു.
ഇന്ന് കേസ് പരിഗണിച്ച കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-ഏഴ് വിധി പറയാൻ നാളേക്ക് മാറ്റിവയ്ക്കുകയായിരുന്നു. പ്രതികളെ നാളെയും കോടതിയിൽ ഹാജരാക്കും.