കുർബാന ഏകീകരണം; മെത്രാൻ ഉപസമിതിയുടെ നേതൃത്വത്തിൽ നടന്ന ചർച്ച തീരുമാനമാകാതെ പിരിഞ്ഞു
തർക്കത്തിൽ സിനഡ് അന്തിമ തീരുമാനമെടുക്കും
കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ കുർബാന ഏകീകരണ തർക്കത്തിൽ മെത്രാൻ ഉപസമിതിയുടെ നേതൃത്വത്തിൽ നടന്ന ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ജനാഭിമുഖ കുർബാനയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാട് ഒരു വിഭാഗം വൈദികരും വിശ്വാസികളും ആവർത്തിച്ചു. തർക്കത്തിൽ സിനഡ് അന്തിമ തീരുമാനമെടുക്കും .
എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുടെ സമരം തുടരുന്നതിനിടെയാണ് സിനഡ് ചര്‍ച്ചക്കായി മെത്രാന്മാരുടെ സമിതിയെ നിയോഗിച്ചത്. ജനാഭിമുഖ കുര്‍ബാനയും അള്‍ത്താര അഭിമുഖ കുര്‍ബാനയും എന്ന നിലയ്ക്ക് 50- 50 എന്ന ഫോര്‍മുലയാണ് മെത്രാന്‍ സമിതി മുന്നോട്ടു വെച്ചത്. എന്നാല്‍ അത് സ്വീകാര്യമല്ലെന്ന് ഒരു വിഭാഗം വൈദികരും അല്‍മായ മുന്നേറ്റം പ്രതിനിധികളും അറിയിച്ചു. ചർച്ചയിൽ പൂർണ പരിഹാരമായില്ലെങ്കിലും നിരന്തര ആവശ്യം പരിഗണിച്ച് ഇത്തരത്തില്‍ സിനഡ് ചര്‍ച്ചക്കായി ഒരു സമിതിയെ നിയോഗിച്ചത് ആശാവഹമാണെന്നാണ് വിലയിരുത്തല്‍.
ആര്‍ച്ച് ബിഷപ്പ് മാത്യു മൂലക്കാട്ട്, ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി, ബിഷപ്പ് ജോസ് ചിറ്റൂപ്പറമ്പില്‍ എന്നിവരുടെ നേതൃത്യത്തിലാണ് ചർച്ച നടന്നത്. തീരുമാനങ്ങൾ സിനഡിനെ അറിയിക്കുമെന്ന് ഉപസമിതിയും വ്യക്തമാക്കി. എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിൽ അടുത്ത ഞായറാഴ്ച ഏകീകൃത കുർബാനയർപ്പിക്കുമെന്ന് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കിയതാണ് ഒരിടവേളക്ക് വീണ്ടും വിമത വിഭാഗം സമരവുമായി മുന്നോട്ടുപോകാനുളള കാരണം. ജനാഭിമുഖ കുർബാന നിലനിർത്താനുള്ള പരിശ്രമം സിനഡിന്‍റെ ഭാഗത്തുനിന്നുണ്ടാകുമെന്ന സൂചന രേഖാമൂലം ലഭിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനം.